സംസ്ഥാനം മുഴുക്കെ തെളിയാന്‍ കണ്ണൂരിന്റെ 'മഴവില്ല് '
കണ്ണൂര്‍: ജില്ലയിലെ രണ്ടാംക്ലാസുകാരുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ കണ്ണൂര്‍ സര്‍വശിക്ഷാ അഭിയാന്‍ തയാറാക്കിയ മഴവില്ല് കൈപ്പുസ്തകം ഇക്കുറി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലുമെത്തും.
ഈ പുസ്തകത്തിനു നേരത്തെ ദേശീയ അവാര്‍ഡടക്കം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും രണ്ടാം ക്ലാസുകാര്‍ക്കു രണ്ടാഴ്ചയ്ക്കകം മഴവില്ല് ലഭ്യമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
ഇതിന്റെ അച്ചടിക്കായി എസ്.എസ്.എയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഒന്നാംക്ലാസിലെ പഠനം കഴിഞ്ഞു രണ്ടിലെത്തുന്ന കുട്ടികളുടെ എഴുത്ത്, വായന, ഗണിതം എന്നിവ പരിപോഷിപ്പിക്കാനാണ് കണ്ണൂരില്‍ കഴിഞ്ഞ അധ്യയനവര്‍ഷം മഴവില്ല് തയാറാക്കിയത്.
ഇതു ജില്ലയില്‍ വലിയ ചലനമാണുണ്ടാക്കിയത്. തുടര്‍ന്നു മഴവില്ലും കണ്ണൂര്‍ സര്‍വശിക്ഷാ അഭിയാനും ദേശീയതലത്തില്‍ പുരസ്‌കാരത്തിന് അര്‍ഹമാകുകയും ചെയ്തു.
80 പേജുള്ള മഴവില്ല് സ്‌കൂളുകളില്‍തന്നെ സൂക്ഷിക്കുന്നതിനാല്‍ പഠനപ്രവര്‍ത്തനങ്ങളില്‍ ഒരുതരത്തിലും രക്ഷിതാവിന് ഇടപെടാനാകില്ല.
പഠനപ്രവര്‍ത്തനങ്ങള്‍ അധ്യാപകരുടെ സഹായത്തോടെ ചെയ്യുന്നതിനാല്‍ വിദ്യാര്‍ഥി എളുപ്പം കാര്യങ്ങള്‍ മനസിലാക്കുന്നുവെന്നതും പ്രത്യേകതയാണ്. 2014ല്‍ കണ്ണൂര്‍ സര്‍വശിക്ഷാ അഭിയാന്‍ നടപ്പാക്കിയ അക്ഷരതെളിച്ചം കൈപ്പുസ്തകത്തിന്റെ തുടര്‍ച്ചയാണ് മഴവില്ല്.
ഒന്നാംക്ലാസ് വിദ്യാര്‍ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനും സ്‌കൂളില്‍ സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്നതിനുമായി വിദ്യാഭ്യാസവകുപ്പ് സംസ്ഥാനതലത്തില്‍ തയാറാക്കിയ റീഡിങ്കാര്‍ഡുകളും ഇക്കുറി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും എത്തിക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."