കുന്നുംകൈ ചെക്ക് ഡാമിനു സാധ്യതയേറുന്നു ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു
കുടിവെള്ള ക്ഷാമം രൂക്ഷമായി നേരിടുന്ന ഈ മേഖലയിലെ 200 കുടുംബങ്ങള്‍ക്കു പദ്ധതി നടപ്പായാല്‍ പ്രധാന നേട്ടമാകും
കുന്നുംകൈ: വെസ്റ്റ് എളേരിയിലെ കുന്നുംകൈ ചെക്ക്ഡാമിന് സാധ്യതയേറുന്നു. കുന്നുംകൈ ആറിലക്കണ്ടം വാഴപ്പള്ളി, പാങ്കയം പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയായതോടെയാണ് ഇവിടെ ചെക്ക് ഡാമിനായി ആവശ്യമുയര്‍ന്നത്. ഇതു സംബന്ധിച്ചു നാട്ടുകാര്‍ നിരന്തരം നിവേദനം നല്‍കിയതിനെ തുടര്‍ന്നു കാഞ്ഞങ്ങാട് മേജര്‍ ഇറിഗേഷന്‍ വകുപ്പിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ മധുസൂദനന്‍ , ഓവര്‍സിയര്‍ ദിനേശന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പഞ്ചായത്തിലെ കാലിക്കടവ്, കല്ലുവളപ്പ് എന്നിവിടങ്ങളിലും ചെക്ക് ഡാം പണിയുന്നതിനു നേരത്തെ പദ്ധതിയുണ്ടായിരുന്നു.
എന്നാല്‍ ഇതിനു പുറമെ രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്ന കുന്നുംകൈ ചൈത്രവാഹിനി പുഴയില്‍ ചെക്ക് ഡാം പണിയണമെന്ന ആവശ്യവും ശക്തമായതോടെയാണു നിര്‍മാണത്തിനു സാധ്യതയേറിയത്. നിലവില്‍ മാങ്ങോടുള്ള സംഭരണിയില്‍ നിന്നാണ് ഈ ഭാഗങ്ങളില്‍ പൈപ്പ് വഴി ശുദ്ധ ജലം എത്തുന്നത്. എന്നാല്‍ ഇത് ആഴ്ചയില്‍ രണ്ടു ദിവസം മാത്രം വിതരണം ചെയ്യുന്നതിനാല്‍ എങ്ങുമെത്തുന്നില്ലെന്നു പരാതിയുണ്ട്.
മാത്രമല്ല, പലയിടങ്ങളിലും പൈപ്പ്‌ലൈന്‍ പൊട്ടി ജലം പാഴായിപ്പോകുന്നതും യഥാസമയം വിതരണം നടത്താന്‍ സാധിക്കാതെ പ്രതിസന്ധിയിലാകുകയും ചെയ്യുന്നു. കുന്നുംകൈ കിണറിനു സമീപം ചെക്ക് ഡാം പണിതാല്‍ ഈ പ്രദേശത്തെ നിരവധി കിണറുകള്‍, കൃഷിയിടങ്ങള്‍ എന്നിവക്കു ജലലഭ്യത ഉറപ്പാക്കാന്‍ ചെക്ക്ഡാമിലൂടെ കഴിയും.
കുടിവെള്ള ക്ഷാമം രൂക്ഷമായി നേരിടുന്ന ഈ മേഖലയിലെ 200 കുടുംബങ്ങള്‍ക്കു പദ്ധതി നടപ്പായാല്‍ പ്രധാന നേട്ടമാകും. കഴിഞ്ഞ വര്‍ഷം വരള്‍ച്ച രൂക്ഷമായ സമയത്തു ഗ്രാമ പഞ്ചായത്തു കുടിവെള്ളം വിതരണം ചെയ്തുവെങ്കിലും പാതി വഴിയില്‍ നില്‍ക്കുകയായിരുന്നു. ചെക്ക് ഡാമിനായി എത്രയും പെട്ടെന്നു പ്ലാനും എസ്റ്റിമേറ്റും തയാറാക്കി അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."