വനിതാവല്‍ക്കരണ പദ്ധതി; നിരവധി സ്ഥാപന ഉടമകള്‍ പിടിയില്‍
ജിദ്ദ: വനിതാവല്‍ക്കരണ പദ്ധതി നടപ്പിലാക്കാതിരിക്കുകയും നഗരസഭയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്ത നിരവധി സ്ഥാപന ഉടമകള്‍ പിടിയിലായി.
ഇവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായി സഊദി തൊഴില്‍ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
ജിദ്ദയില്‍ 446 നിയമലംഘനങ്ങള്‍ ആണ് വനിതകള്‍ മാത്രം ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയത്. നിയമലംഘനം കണ്ടെത്താന്‍ നഗരസഭ 4075 പരിശോധനകള്‍ നടത്തിയപ്പോള്‍ അതില്‍ 2330 ഉം വനിതാ സ്ഥാപനങ്ങള്‍ ആയിരുന്നു.
112 കടകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി. ബ്യൂട്ടി പാര്‍ലര്‍, സ്ത്രീകളുമായി ബന്ധപ്പെട്ട സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങിയവയിലാണ് പ്രധാനമായും പരിശോധന നടന്നത്.
ലൈസന്‍സ് പുതുക്കാതിരിക്കുക, പ്രവേശനം ഫാമിലിക്ക് മാത്രം എന്ന ബോര്‍ഡ് കടകളില്‍ സ്ഥാപിക്കാതിരിക്കുക, സ്ഥാപനത്തിന് വിദേശ പേരുകളിടുക, വര്‍ക്ക്‌പെര്‍മിറ്റ് ഇല്ലാത്തവരെ ജോലിക്ക് വയ്ക്കുക, ശുചിത്വം പാലിക്കാതിരിക്കുക, യൂണിഫോം ധരിക്കാതിരിക്കുക തുടങ്ങിയവ അധികൃതര്‍ കണ്ടെത്തിയ നിയമലംഘനങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്നു മാസത്തിനിടെ നടന്ന പരിശോധനയില്‍ വനിതാവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയ പതിനാലായിരത്തോളം സ്ഥാപനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
സ്വകാര്യ മേഖലയില്‍ മൂന്നാംഘട്ട വനിതാവല്‍ക്കരണം മാസം ആദ്യത്തിലാണ് നടപ്പിലാക്കിയത്. സ്ത്രീകളുടെ സുഗന്ധ ദ്രവ്യങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളാണ് മൂന്നാംഘട്ട വനിതാവല്‍ക്കരണ പദ്ധതിയില്‍പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."