ഒടുവില്‍ നീതി; 1979ലെ ഇറ്റാന്‍ കൊലക്കേസ് പ്രതി കുറ്റക്കാരന്‍ തന്നെയെന്ന് ന്യൂയോര്‍ക്ക് കോടതി
ന്യൂയോര്‍ക്ക്: 38 വര്‍ഷമായി കണ്ടു നില്‍ക്കെ കാണാമറയത്തേക്കെന്നോണം ഇറ്റാന്‍ പാറ്റ്‌സ് എന്ന ആറുവയസ്സുകാരന്‍ അപ്രത്യക്ഷമായിട്ട്. ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ ഒരു മായാജാലമെന്നോണം അവനെ കാണാതായി. 1979ലായിരുന്നു സംഭവം. ഒടുവില്‍ 38 വര്‍ഷത്തിനു ശേഷം അവന് നീതി ലഭിച്ചിരിക്കുന്നു. സംഭവത്തില്‍ പിടിയിലായ 56കാരന്‍ പെഡ്രൊ ഹെര്‍ണാണ്ടസ് കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് കോടതി കണ്ടെത്തി.
[caption id="attachment_242886" align="alignleft" width="304"] ഇറ്റാനെ കാണാതായെന്ന അറിയിപ്പ്[/caption]
രാവിലെ സ്‌കൂളിലേക്കു പോവുന്നതിനിടെയാണ് ഇറ്റാനെ കാണാതാവുന്നത്. 1979 മെയ് 25നായിരുന്നു അത്. അവനെന്താണ് സംഭവിച്ചതെന്നറിയാതെ രക്ഷിതാക്കളും നാട്ടുകാരും വിഷമിച്ചു. ന്യൂയോര്‍ക്കിനെ ഇളക്കി മറിച്ച കേസായിരുന്നു ഇത്. ഇറ്റാനെ കാണാതായ മെയ് 25 1983 മുതല്‍ അന്നത്തെ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്‍ കാണാതാവുന്ന കുട്ടികളുടെ ദേശീയദിനമായി പ്രഖ്യാപിച്ചു. അമേരിക്കയില്‍ രക്ഷിതാക്കളുടെ കുട്ടികളോടുള്ള സമീപനങ്ങള്‍ മാറ്റുന്നതില്‍ പോലും ഈ തിരോധാനം വലിയ പങ്കു വഹിച്ചു.
2012ലാണ് പെഡ്രൊ ഹെര്‍ണാണ്ടസിനെ പൊലിസ് പിടികൂടുന്നത്. അത്രയും കാലം ഇയാളുടെ മേല്‍ സംശയത്തിന്റെ നിഴല്‍ പോലുമുണ്ടായിരുന്നില്ല. സംസാരത്തിനിടെ പലരോടും താന്‍ ഒരു കുട്ടിയെ കൊന്നു കളഞ്ഞ കാര്യം വെളിവാക്കിയിരുന്നു. ഇക്കാര്യം ഇയാളുടെ ഭാര്യാസഹോദരന്‍ പൊലിസിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ആദ്യമാദ്യം കുറ്റം നിഷേധിച്ച ഇയാള്‍ കുട്ടിയെ പ്രലോഭിപ്പിച്ച് തന്റെ കടയിലേക്ക് കൂട്ടിക്കൊണ്ടുപോയതായും അവിടെ വെച്ച് കഴുകത്തു ഞെരിച്ച് കൊലപ്പെടുത്തിയതായും സമ്മതിച്ചു. ഇറ്റാന്‍ സ്‌കൂളിലേക്കു പോവുന്ന വഴിയിലായിരുന്നു ഹര്‍ണാണ്ടസിന്റെ കട.
തെളിവുകളുടെ അഭാവം കാരണം ഇറ്റാനെ കുറിച്ചുള്ള അന്വേഷണം പലപ്പോഴും വഴി മുട്ടി. ഹെര്‍ണാണ്ടസിന് മാനസിക വിഭ്രാന്തിയാണെന്നും ഇയാള്‍ പറയുന്നത് കണക്കിലെടുക്കരുതെന്നും ഇയാളുടെ വക്കീലും വാദിച്ചു. വര്‍ഷങ്ങള്‍ നീണ്ട വിചാരണക്കൊടുവിലാണ് ഹെര്‍ണാണ്ടസ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."