യു.എ.ഇ വിസ: പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: യു.എ.ഇയില്‍ ജോലി തേടുന്നവര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ നല്‍കുന്നതിന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്കി.
യു.എ.ഇയില്‍ ജോലിക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവ് പുറപ്പെടുവിച്ചത്. അപേക്ഷകര്‍ പൊലിസ് സ്റ്റേഷനില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങളും ജില്ലയില്‍ നിലവിലുള്ള രേഖകളും പരിശോധിച്ച് ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലിസ് മേധാവി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിന് ജില്ലാ സ്പെഷല്‍ ബ്രാഞ്ചിന്റെ സഹായവും ഉണ്ടാകും.
സംസ്ഥാനത്തെ ഏത് പൊലിസ് സ്റ്റേഷനുകളുമായും സ്പെഷല്‍ ബ്രാഞ്ചിന് ഇക്കാര്യത്തില്‍ ബന്ധപ്പെടാവുന്നതാണ്. സാധാരണ അപേക്ഷകളില്‍ പതിനാലു ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇനി മുതല്‍ പുതുക്കിയ ഫോമിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാഫീസായ ആയിരം രൂപ ടി ആര്-15 ഫോം മുഖേന ട്രഷറിയിലോ ഓണ്‍ലൈനായോ അടയ്ക്കണം.
അപേക്ഷയുടെ കോപ്പിയും ഉദ്യോഗാര്‍ഥിയുടെ സത്യവാങ്മൂലവും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ചേര്‍ത്തിരിക്കണം. ഇക്കാര്യത്തില്‍ അപേക്ഷകര്‍ക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി വിളിച്ചുചേര്ത്തയോഗത്തിലെ തീരുമാനങ്ങള്‍ക്കനുസരിച്ചാണ് സംസ്ഥാന പൊലിസ് മേധാവിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."