10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍
മുക്കം: 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. തമിഴ്‌നാട് സേലം സ്വദേശികളായ സുരേഷ് കുമാര്‍ (35), നിര്‍മല (35) എന്നിവരെയാണ് കോഴിക്കോട് റൂറല്‍ എസ്.പി കെ. പുഷ്‌കരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രത്യേക സംഘം പിടികൂടിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മുക്കത്തെ സ്വകാര്യ ലോഡ്ജില്‍വച്ചാണ് കള്ളനോട്ടുകളുമായി സുരേഷ് കുമാര്‍ പിടിയിലായത്. ഇയാളില്‍നിന്ന് 500 ന്റെയും 100 ന്റെയും നോട്ടുകളടങ്ങിയ 50,000 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു.
ഇയാളെ ചോദ്യം ചെയ്തതില്‍നിന്ന് കള്ളനോട്ട് കോഴിക്കോട് ഭാഗത്ത് വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണെന്നും സേലം സ്വദേശിയായ നിര്‍മലയും മറ്റൊരാളും ചേര്‍ന്നാണ് കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്നതെന്നും കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നിര്‍മലയെ സേലത്തുവച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
പിടികൂടുമ്പോള്‍ ഇവരുടെ കൈവശം 2000, 500, 200, 100 എന്നിവയുടെ 10 ലക്ഷത്തോളം കള്ളനോട്ടുകള്‍ ഉണ്ടായിരുന്നു. നിര്‍മലയടക്കമുള്ള തമിഴ്‌നാട്ടുകാരായ നാലംഗ സംഘത്തെ 2017 മെയ് മാസത്തില്‍ 5 ലക്ഷം രൂപയുടെ കള്ളനോട്ടുമായി സ്‌കോര്‍പിയോ കാര്‍ സഹിതം മണ്ണൂത്തി പൊലിസ് പിടികൂടിയിരുന്നു.
3 മാസത്തിന് ശേഷം ആ കേസില്‍ ജാമ്യത്തിലിറങ്ങിയ നിര്‍മല വീണ്ടു കള്ളനോട്ടു നിര്‍മാണവും വിതരണവും നടത്തി വരുന്നതിനിടയിലാണ് ഇപ്പോള്‍ പിടിയിലായത്. നിര്‍മല സേലത്ത് വന്‍ ചിട്ടികള്‍ നടത്തി ആളുകളെ കബളിപ്പിച്ചിട്ടുണ്ടെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അഡ്വക്കറ്റ് സ്റ്റിക്കര്‍ ഒട്ടിച്ച കാറില്‍ എത്തിയ ഒരാളാണ് തനിക്ക് കള്ളനോട്ടുകള്‍ നല്‍കിയതെന്ന് നിര്‍മല പറഞ്ഞു. എന്നാല്‍, ഇവരുടെ മൊഴി പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ലെന്നും ഇവര്‍ എത്ര രൂപയുടെ കള്ളനോട്ട് അടിച്ചിട്ടുണ്ടെന്നും ഇത് എത്രത്തോളം വിതരണം ചെയ്തിട്ടുണ്ടെന്നും ഇവരുടെ സാമ്പത്തിക സ്രോതസുകളെ കുറിച്ചും അന്വേഷിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു.
താമരശ്ശേരി ഡിവൈ.എസ്.പി പി.സി സജീവന്‍, മുക്കം എസ്.ഐ കെ.പി അഭിലാഷ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ രാജീവ് ബാബു, ഷിബില്‍ ജോസഫ്, ഹരിദാസന്‍, എ.എസ്.ഐ സതിഷ് കുമാര്‍, ബേബി മാത്യു, ജസ്സി മാത്യു, ഷഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."