ഭൂനികുതി വര്‍ധനവ് കര്‍ഷകര്‍ക്കു വേണ്ടി; പ്രഖ്യാപിത മാറ്റങ്ങളില്ലാതെ മറുപടി പ്രസംഗം
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കിടയാക്കിയ ഭൂനികുതിവര്‍ധനവിലടക്കം പ്രഖ്യാപിത മാറ്റങ്ങള്‍ വരുത്താതെ ധനമന്ത്രി തോമസ് ഐസകിന്റെ മറുപടി പ്രസംഗം. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അത് മറികടക്കുന്നതിന് വരുമാനത്തില്‍ വര്‍ധനവ് വരുത്താന്‍ കഴിഞ്ഞില്ലെന്നും സമ്മതിച്ചുകൊണ്ടായിരുന്നു പ്രസംഗം തുടങ്ങിയത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് നേരത്തേ പറഞ്ഞിരുന്നു. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പുറത്തിറക്കിയ ധവള പത്രത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വരുമാന വര്‍ധനവിലൂടെ ധനക്കമ്മി കുറയ്ക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍, വരുമാനം വര്‍ധിച്ചിട്ടില്ല. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
കേരള ഭൂനികുതി ഓര്‍ഡിനന്‍സ് 2014 പ്രകാരം വര്‍ധിപ്പിച്ച നികുതി നിരക്കുകള്‍ ബജറ്റിലൂടെ പുന:സ്ഥാപിച്ചത് മന്ത്രി ന്യായീകരിച്ചു. ഭൂനികുതിയിലുണ്ടായ വര്‍ധനവ് കര്‍ഷകതൊഴിലാളികള്‍ക്കും ക്ഷേമനിധികള്‍ക്കുമായി പ്രയോജനപ്പെടുത്തുമെന്നും ഇക്കാര്യം കര്‍ഷക തൊഴിലാളി യൂനിയനുകള്‍ നേരത്തേ തന്നെ അംഗീകരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യമെങ്കില്‍ വിഷയം സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു. കുടുംബാധാര രജിസ്‌ട്രേഷന്‍ ഫീസ്, അടയ്ക്ക വ്യാപാരികള്‍ക്കേര്‍പ്പെടുത്തിയ അധിക നികുതി, പ്ലാന്റേഷന്‍ നികുതി തുടങ്ങിയവയിലുണ്ടായ വര്‍ധനവും സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യാമെന്ന് മന്ത്രി അറിയിച്ചു.
റബര്‍ വിലസ്ഥിരതാപദ്ധതിക്കായി ബജറ്റില്‍ 500 കോടി രൂപ വകയിരുത്തി. കഴിഞ്ഞ സര്‍ക്കാര്‍ ഇതിനായി ഒന്നു ചെയ്തിരുന്നില്ല. ഇതുവരെ 138 കോടി രൂപ നല്‍കിക്കഴിഞ്ഞു.
ഇനി 20 കോടി രൂപ മാത്രമാണ് നല്‍കാനുള്ളത്. റബര്‍ബോര്‍ഡ് ബില്ലുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വൈകുന്നതാണ് അത് തടസപ്പെടാനുള്ള കാരണം. ബില്ലുകള്‍ ലഭിച്ചാല്‍ അപ്പോള്‍ പണം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ആവശ്യമെങ്കില്‍ പുന:പരിശോധന നടത്തും.
ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ഒരു സാമ്പിള്‍ സര്‍വേ നടത്തുന്നുണ്ട്. അത് ലഭിച്ചശേഷം അന്തിമ തീരുമാനമെടുക്കും. അനര്‍ഹരെ ഒഴിവാക്കുന്നതിനാണ് മാനദണ്ഡങ്ങള്‍ വയ്ക്കുന്നത്.
പെന്‍ഷന്‍ വാങ്ങുന്നവരില്‍ 16 ശതമാനം പേര്‍ അനര്‍ഹരാണെന്നാണ് സി.എ.ജി റിപ്പോര്‍ട്ട്. 12പേരെ പുതുതായി ഉള്‍പ്പെടുത്താനുമുണ്ട്. അതിനാണ് മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി പരിശോധന നടത്തുന്നത്. ഭിന്നശേഷിക്കാര്‍ക്കും അഗതികള്‍ക്കും പുതിയ പെന്‍ഷന് അപേക്ഷിക്കാനായി സൈറ്റ് തുറന്നുകൊടുക്കും.
പെന്‍ഷന്‍ നല്‍കുന്നതിന് സഹകരണ ബാങ്കുകളെ ആശ്രയിക്കുന്നുവെന്നു കരുതി കെ.എസ്.ആര്‍.ടി.സി കടക്കെണിയിലാകില്ലെന്ന് ധനമന്ത്രി പറഞ്ഞു.
താല്‍ക്കാലിക ക്രമീകരണം മാത്രമാണത്. നിലവില്‍ 854 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്കായി വകയിരുത്തിയിരിക്കുന്നത്. ശമ്പള വിതരണത്തിന് 70 കോടിയും അനുവദിച്ചിട്ടുണ്ട്.
നിലവിലെ വായ്പകള്‍ പുന:ക്രമീകരിച്ചുകഴിഞ്ഞാല്‍ പിന്നെ കെ.എസ്.ആര്‍.ടി.സി വായ്പ എടുക്കില്ല.സര്‍ക്കാര്‍ നേരിട്ട് പണം നല്‍കും.
അതു നല്‍കുന്നതിന് സര്‍ക്കാരിനുള്ള സാവകാശം എന്ന നിലക്കാണ് സഹകരണ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. ഇതിന് അനുബന്ധമായി കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."