എസ്.ബി.ഐ- എസ്.ബി.ടി ലയനത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അസോസിയേറ്റ് ബാങ്കുകളുമായുള്ള ലയനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളാണ് ലയിച്ച് ഒന്നാവുക.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബികാനീര്‍ ആന്റ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരബാദ് എന്നിവയാണ് ലയിക്കുന്ന മറ്റ് അസോസിയേറ്റ് ബാങ്കുകള്‍.
എസ്.ബി.ഐ ലയിക്കുന്നതോടെ വലിയ ബാങ്കാവാനും ലോക സമ്പദ് വ്യവസ്ഥയില്‍ ഇടപെടാനും സാധിക്കുമെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.
കേരളത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ മറികടന്നാണ് ലയനം. ലയനത്തോടെ എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളുടെ ശാഖകളുടെ പേരുകളും ഇനി എസ്.ബി.ഐ എന്നാവും. എ.ടി.എമ്മുകള്‍ക്കും ഇതു ബാധകമാണ്.
ലയനശേഷം എസ്.ബി.ഐയുടെ ആസ്തി 37 ലക്ഷം കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 22,500 ബ്രാഞ്ചുകളും 58,000 എ.ടി.എമ്മുകളും ഇതിനു കീഴില്‍ വരും. 50 കോടി ഉപഭോക്താക്കളാണ് മൊത്തത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."