വിദേശികള്‍ കയ്യില്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണമെന്ന് ഖത്തര്‍
ദോഹ: രാജ്യത്തെ പ്രവാസികളുടെ കൈവശം എല്ലാ സമയങ്ങളിലും നിര്‍ബന്ധമായും താമസാനുമതി രേഖ (ഖത്തര്‍ ഐ.ഡി) ഉണ്ടായിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം.
പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റിക്കര്‍ പതിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്തെ താമസക്കാരനാണെന്നതിന്റെ ഏക തെളിവ് ഖത്തര്‍ ഐ.ഡി മാത്രമായതിനാലാണ് അധികൃതര്‍ മുന്നറിയിപ്പ് നിര്‍ദേശം നല്‍കിയത്.
അധികൃതര്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍ ഐ.ഡി ഹാജരാക്കണമെന്നും മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് അസി.ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസ്സര്‍ ജാബര്‍ അല്‍ അത്തിയ പറഞ്ഞു. രാജ്യത്തിന് അകത്തോ അല്ലെങ്കില്‍ പുറത്തുവെച്ചോ ഐ.ഡി. നഷ്ടമായാല്‍ ഉടന്‍ വകുപ്പിനെ അറിയിക്കണമെന്നും പുതിയ ഐ.ഡി വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് പുറത്തുവച്ച് ഐ.ഡി നഷ്ടമായാല്‍ ബന്ധപ്പെട്ട അധികൃതരുടെ പക്കല്‍ നിന്നുള്ള റിട്ടേണ്‍ പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമേ തിരികെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളു. രാജ്യത്തെ എല്ലാ അധികൃതര്‍ക്കും വിമാനകമ്പനികള്‍ക്കും ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. രാജ്യത്തിന് അകത്ത് വെച്ചാണ് ഐ.ഡി നഷ്ടമാകുന്നതെങ്കില്‍ വ്യക്തി നേരിട്ടോ അല്ലെങ്കില്‍ കമ്പനി പ്രതിനിധിയോ സേവന കേന്ദ്രങ്ങളിലെത്തി ഐ.ഡി നഷ്ടപ്പെട്ടത് സംബന്ധിച്ച് അപേക്ഷ നല്‍കണം. പുതിയ ഐ.ഡിക്കായി 200 റിയാല്‍ ഫീസും നല്‍കണം.
രാജ്യത്തിന് പുറത്തു വച്ചാണ് ഐ.ഡി നഷ്ടമായതെങ്കില്‍ ഏത് രാജ്യത്ത് വച്ചാണോ നഷ്ടമായത് ആ രാജ്യത്തെ ബന്ധപ്പെട്ട അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട് താമസക്കാരന്റെ ഖത്തറിലെ പ്രതിനിധി വഴി അധികൃതര്‍ക്ക് സമര്‍പ്പിക്കണം. 200 റിയാല്‍ ഫീസ് അടച്ച് റിട്ടേണ്‍ പെര്‍മിറ്റ് നേടാം. റിട്ടേണ്‍ പെര്‍മിറ്റുമായി രാജ്യത്ത് പ്രവേശിക്കുന്ന താമസക്കാരന്‍ പെര്‍മിറ്റ് എക്‌സ്പാട്രിയേറ്റ്‌സ് അഫയേഴ്‌സ് വകുപ്പില്‍ സമര്‍പ്പിക്കുകയും പുതിയ കാര്‍ഡ് നേടുകയും ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."