ഓഖി: കാണാതായവരെ കുറിച്ച് അവ്യക്തത
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവരെ കുറിച്ചുള്ള വ്യത്യസ്ത കണക്കുമായി മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും നിയമസഭയില്‍.
104 പേരെ കാണാനില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചപ്പോള്‍ 103 പേരെയാണ് കാണാതായതെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടി പറഞ്ഞു. വ്യക്തതയില്ലാത്തവരാണ് കാണാതായവരെക്കുറിച്ചുള്ള കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുന്നതെന്നും വി.എസ് ശിവകുമാറിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരെയാണ് കാണാതായിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്നുള്ള 49 പേരും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്ന് ഓരോരുത്തരുമായി ആകെ 51 തൊഴിലാളികളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. കാണാതായവര്‍ ഇനി തിരിച്ചെത്തില്ലെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. അതിനാല്‍ മരിച്ചവര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം കാണാതായവര്‍ക്കും നല്‍കും. മരിച്ചവരുടെയും കാണാതായവരുടെയും മക്കളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന 188 കുട്ടികളുണ്ട്. ഇവരുടെ തുടര്‍പഠനം സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ബോഡിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവര്‍ക്കായി ഒരുക്കും.
മൂന്നുപേര്‍ ഉന്നതവിദ്യാഭ്യാസത്തിന് പഠിക്കുന്നുണ്ട്. ഇതില്‍ ഒരാളുടെ ഫീസ് സര്‍ക്കാര്‍ അടച്ചുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ഓഖി ദുരന്തതീരത്ത് കേന്ദ്രസംഘം വന്ന് റിപ്പോര്‍ട്ട് തയാറാക്കിയെങ്കിലും തുടര്‍നടപടികളിലേയ്ക്ക് പോയിട്ടില്ലെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
അതേസമയം, തീരദേശ സംരക്ഷണം സംബന്ധിച്ച് സംസ്ഥാനം കര്‍മപദ്ധതി തയാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ നിയമപ്രകാരം സമുദ്രതീരത്തുനിന്ന് 200 മീറ്റര്‍ അകലത്തില്‍ മാത്രമേ വീടുവയ്ക്കാന്‍കഴിയൂ. മറ്റു സംസ്ഥാനങ്ങള്‍ തീര സംരക്ഷണം സംബന്ധിച്ച് കര്‍മപദ്ധതി തയാറാക്കിയതിനാല്‍ വീടുവയ്ക്കുന്നതിന് ഇളവ് അനുവദിക്കുന്നുണ്ട്.
കടലില്‍നിന്ന് 50 മീറ്റര്‍വരെ അകലത്തില്‍ മാറ്റിപ്പാര്‍പ്പിക്കാന്‍ 10 ലക്ഷം രൂപവീതം സര്‍ക്കാര്‍ അനുവദിക്കുണ്ട്. ക്രമേണ കടല്‍ത്തീരത്തുനിന്ന് 50 മീറ്റര്‍ അകലെവരെ താമസിക്കുന്ന മുഴുവന്‍ പേരെയും മാറ്റിപ്പാര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഓഖി ദുരന്തത്തില്‍ മത്സ്യബന്ധന യാനങ്ങള്‍ നഷ്ടമായ ഉടമകള്‍ക്ക് നഷ്ടപരിഹാരം പ്രത്യേകമായി നല്‍കുമെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികള്‍ക്ക് ശാക്തീകരണത്തിന്റെ ഭാഗമായി പ്രത്യേക ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ കഴിയുന്നത്ര വേഗം രക്ഷപ്പെടുത്തി കരയിലെത്തിക്കാന്‍ സൗകര്യമുള്ള മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."