മുടങ്ങുന്നത് 60,000 ഇറാന്‍ തീര്‍ഥാടകരുടെ ഹജ്ജ്
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ് : ഹജ്ജിനായി വിശ്വാസികളെ സഊദിയിലേക്കയക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതോടെ ഇറാനില്‍ ഹജ്ജിനായി കാത്തിരുന്ന 60,000 വിശ്വാസികള്‍ക്ക് ഈ വര്‍ഷം ഹജ്ജ് ചെയ്യാനാകില്ല. ഇറാന്‍ സാംസ്‌കാരികമന്ത്രി അലി ജന്നത്തിയാണ് ഈ വര്‍ഷം ഇറാനികള്‍ക്കു ഹജ്ജ് സാധ്യമല്ലെന്നു പ്രഖ്യാപിച്ചത്. സഊദി ഹജ്ജ് ഉംറ മന്ത്രിയുടെ നിര്‍ദേശപ്രകാരം മൂന്നാംതവണയും റിയാദില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനു ശേഷം ഇറാന്‍ നയതന്ത്ര പ്രതിനിധികള്‍ രാജ്യത്തെത്തി രണ്ടാം ദിവസമായിരുന്നു പ്രഖ്യാപനം.
എന്നാല്‍ ഇതിനുള്ള കാരണമെന്തെന്നു വ്യക്തമാക്കിയിട്ടില്ല. ഇറാനുമായുള്ള സഊദിയുടെ ഹജ്ജ് കരാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്, ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടും അവസാനം ഇറാന്‍ പ്രതിനിധികള്‍ ഒപ്പുവയ്ക്കാതെ ഇറങ്ങിപ്പോകുകയായിരുന്നു. പല ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇറാനിലെ തീര്‍ഥാടകര്‍ക്ക് ഹജ്ജ് ചെയ്യാനുള്ള അവസരം നഷ്ടമായെന്ന് ഉറപ്പായത്.
ഇറാന്‍ തീര്‍ഥാടകര്‍ക്കു ഹജ്ജ് ചെയ്യാനാകാത്ത സാഹചര്യം സൃഷ്ടിച്ചതില്‍ ഇറാന്‍ ദൈവത്തോട് ഉത്തരം പറയേണ്ടിവരുമെന്നു സഊദി തീര്‍ഥാടക മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് തീര്‍ഥാടനത്തെ രാഷ്ട്രീയവല്‍ക്കരിച്ചിട്ടില്ലെന്നും സഊദി വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിമായ ഒരാളെയും തീര്‍ഥാടനം നടത്തുന്നതില്‍നിന്നു തടഞ്ഞിട്ടില്ലെന്നു സഊദി മന്ത്രിസഭയും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."