ഗെയില്‍ പദ്ധതി വേഗത്തിലാക്കാന്‍ ധാരണ
ന്യൂഡല്‍ഹി: കേരളത്തിലെ ദ്രവീകൃതപ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി പുനരാരംഭിച്ച് എല്‍.എന്‍.ജി ടെര്‍മിനല്‍ വികസനം അതിവേഗം പൂര്‍ത്തിയാക്കാന്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയനും പെട്രോനെറ്റ് എം.ഡി പ്രശാന്ത് സിങും ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണു ധാരണയായത്. രണ്ടു വര്‍ഷത്തിനകം പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നു പെട്രോനെറ്റ് എം.ഡി അറിയിച്ചു.
പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിലെ തടസങ്ങളെക്കുറിച്ചും ടെര്‍മിനല്‍ വികസനത്തെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തുടര്‍നടപടികള്‍ക്കായി പ്രഭാത്‌സിങ് കേരളത്തിലെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പ്രഭാത്‌സിങും അറിയിച്ചു. ജൂലൈയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് ആരംഭിച്ചു രണ്ടു വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷ.
ഖത്തറിനെ കൂടാതെ ഓസ്‌ട്രേലിയയില്‍നിന്ന് ഉടനെയും അമേരിക്ക, റഷ്യ എന്നിവിടങ്ങളില്‍നിന്നു പിന്നീടും വാതകമെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതുവൈപ്പിനില്‍ എല്‍.എന്‍.ജി ടെര്‍മിനല്‍ സജ്ജമായെങ്കിലും പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിലെ തടസംമൂലം അവിടെനിന്നുള്ള വാതകം വിപണിയിലെത്തിക്കാന്‍ കഴിയുന്നില്ലെന്ന കാര്യം കഴിഞ്ഞദ ിവസം പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണു പ്രഭാത്‌സിങ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു വിശദമായി ചര്‍ച്ച നടത്തിയത്.
3,000 കോടി രൂപയുടെ പദ്ധതിയില്‍ കേരളത്തിലെ ഏഴു ജില്ലകളിലൂടെ 505 കിലോമീറ്റര്‍ നീളത്തിലാണു പൈപ്പുകള്‍ സ്ഥാപിക്കേണ്ടത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും(ഗെയില്‍) കേരള വ്യവസായ വികസന കോര്‍പറേഷനുമാണ് ഇതിനു കരാറെടുത്തിരിക്കുന്നത്. കൊച്ചി വൈപ്പിനില്‍ സ്ഥാപിച്ച എല്‍.എന്‍.ജി ടെര്‍മിനലില്‍നിന്നു മംഗലാപുരം, കായംകുളം, പാലക്കാട് എന്നിവിടങ്ങളിലേക്കാണു പൈപ്പ് സ്ഥാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."