ഹറമുകളുടെ പരിചരണം; ഖത്തര്‍ നിലപാടിനെതിരേ പ്രതിഷേധം
റിയാദ്: ഇരു ഹറമുകളുടെ പരിചരണവും ഹജ്ജ് സംഘാടന ചുമതലയും സഊദിയില്‍ നിന്ന് എടുത്തുമാറ്റണമെന്ന ഖത്തര്‍ നിലപാടിനെതിരേ വ്യാപക പ്രതിഷേധം. സഊദിയില്‍ നിന്ന് ഇവ എടുത്തുമാറ്റി മറ്റു ഇസ്ലാമിക രാജ്യങ്ങള്‍ക്കുകൂടി പങ്കാളിത്തം നല്കുന്ന രീതിയിലേക്ക് മാറ്റണമെന്നാണ് ഖത്തര്‍ ആവശ്യപ്പെട്ടതെന്നും അന്താരാഷ്ട്ര വല്‍ക്കരിക്കണമെന്ന അവരുടെ ആവശ്യം പ്രതിഷേധാര്‍ഹമാണെന്നും വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ അറിയിച്ചതായി സഊദി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരം ആവശ്യം സഊദിക്കെതിരായ യുദ്ധപ്രഖ്യാപനമാണെന്ന വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറിന്റെ പ്രസ്താവന റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് സഊദ് അല്‍ ഖഹ്താനി വീണ്ടും പരസ്യപ്പെടുത്തുകയും ചെയ്തു.
സഊദിക്ക് പുറമെ യു.എ.ഇ, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നേരത്തെ തന്നെ ഈ ആവശ്യം പലരും ഉന്നയിച്ചിരുന്നെങ്കിലും അതെല്ലാം വിഫലമായതു പോലെ ഖത്തറിന്റെ ശ്രമവും പരാജയപ്പെടുമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ഖത്തറിന്റെ ദുരുദ്ദേശ്യവും രാഷ്ട്രീയ പാപ്പരത്തവും ധാര്‍മിക അധഃപതനവുമാണ് ഇതു വെളിപ്പെടുത്തുന്നതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫ പറഞ്ഞു.
അല്ലാഹുവിന്റെ അതിഥികള്‍ക്കു നല്കുന്ന സേവനത്തിലും ഇസ്ലാമിക പ്രബോധനത്തിലും സഊദി വഹിക്കുന്ന പങ്കിലുള്ള അജ്ഞതയാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതിലേക്ക് ഖത്തറിനെ നയിച്ചതെന്ന് ബഹ്റൈന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി അല്‍ റുമൈഹി അഭിപ്രായപ്പെട്ടു.
ഇരു ഹറമുകളുടെയും പുണ്യസ്ഥലങ്ങളുടെയും പരിചരണ ചുമതല സഊദിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഖത്തര്‍ പ്രതിപക്ഷ നേതാവ് ശൈഖ് സുല്‍ത്താന്‍ ബിന്‍ അല്‍ സുഹയീം അല്‍ഥാനിയും പറഞ്ഞതായി സഊദി പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."