പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കണമെന്ന് സ്റ്റാലിന്‍
കോയമ്പത്തൂര്‍: പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കുകയോ അല്ലെങ്കില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന സംസ്ഥാനത്ത് തെരഞ്ഞടുപ്പ് നടത്തുകയോ വേണമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍.
കോയമ്പത്തൂരില്‍ പാര്‍ട്ടിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ താല്‍ക്കാലികമാണെങ്കിലും അധികാരത്തിലുള്ള ഒ. പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി ഭരണ സ്ഥിരത നിലനിര്‍ത്തുകയാണ് വേണ്ടത്.
ഒന്നുകില്‍ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കണം. ഇപ്പോള്‍ അണ്ണാ ഡി.എം.കെയില്‍ രൂപം കൊണ്ടിട്ടുള്ള പ്രതിസന്ധി സംസ്ഥാന ഭരണത്തെ തന്നെ നിശ്ചലമാക്കിയിരിക്കുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.
ക്രിമിനല്‍ കേസ് പ്രതികളെ പിടികൂടി
സേലം: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന സംസ്ഥാനത്ത് അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 128 പേരെ പൊലിസ് മുന്‍കരുതല്‍ നടപടിയെന്നപേരില്‍ കസ്റ്റഡിയിലെടുത്തു. സേലം ജില്ലയില്‍ മാത്രമല്ല നാമക്കല്‍, ധര്‍മപുരി, കൃഷ്ണഗിരി, ഈറോഡ് ജില്ലകളിലും പൊലിസ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ അക്രമികളെ പിടികൂടിയിട്ടുണ്ട്.
കൂറ്റന്‍ കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തും
സൂറത്ത്: 100 അടി(30 മീറ്റര്‍) നീളത്തിലുള്ള കൊടിമരം സ്ഥാപിച്ച് അതില്‍ ദേശീയ പതാക ഉയര്‍ത്താന്‍ സൂറത്ത് വിമാനത്താവളത്തിന് അനുമതി. വിദേശ കാര്യമന്ത്രാലയം അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ് ഇതിനുള്ള നടപടികള്‍ തുടങ്ങിയത്. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലും ഇത്തരത്തിലുള്ള കൊടിമരം ഉയര്‍ത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ സൂറത്ത് വിമാനത്താവളത്തില്‍ ദേശീയ പതാകയുമായി കൂറ്റന്‍ കൊടിമരം ഉയരുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
കാര്‍ഷിക നയം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
റായ്പൂര്‍: സംസ്ഥാനത്ത് പ്രത്യേക കാര്‍ഷിക നയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി രമണ്‍ സിങ് അറിയിച്ചു. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ രമണ്‍ കി ഗോത്തിന്റെ 18ാമത്തെ എഡിഷനിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജനങ്ങളുടെ സഹകരണത്തോടെയാണ് നയം കൊണ്ടുവരിക. പ്രകൃതിദത്തമായ കുളങ്ങളും ഉറവകളും സംരക്ഷിക്കുന്നതുള്‍പ്പെടെയുള്ള ബൃഹത്തായ പദ്ധിക്കാണ് സര്‍ക്കാര്‍ രൂപംകൊടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി;
ഒരാള്‍ക്ക് പരുക്ക്
മൈസൂരു: ചാമരാജ്‌നഗര്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരുക്കേറ്റു. തടവുകാരനായ മഹാദേവനാണ് പരുക്കേറ്റതെന്ന് പൊലിസ് അറിയിച്ചു. കൊലപാതകക്കേസില്‍ തടവില്‍ കഴിയുന്ന പവന്‍, കാര്‍ത്തിക്, രാമു എന്നിവരാണ് വാക്കേറ്റത്തിനൊടുവില്‍ മഹാദേവനെ മര്‍ദ്ദിച്ചത്. മൂവരുടേയും ആവശ്യം അംഗീകരിക്കാന്‍ തയാറായില്ലെന്നാരോപിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് ചാമരാജ്‌നഗര്‍ ഡി.എസ്.പി ഗംഗാധര സ്വാമി പറഞ്ഞു.
നഗരത്തെ മനോഹരമാക്കാന്‍ എല്ലാവരും തയാറാകണം
കൊല്‍ക്കത്ത: നഗരത്തെ മനോഹരമാക്കി നിലനിര്‍ത്താന്‍ ഓരോ വ്യക്തികളും മുന്നോട്ട് വരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഗതാഗതക്കുരുക്കും മലിനീകരണവും കാരണം നഗരം വീര്‍പ്പുമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ നഗരത്തെ ഗതാഗതക്കുരുക്ക് വിമുക്തമാക്കാനും മലിനീകരണം പരമാവധി കുറയ്ക്കാനും കഴിയുന്ന തരത്തിലേക്ക് മാറ്റിയെടുക്കാന്‍ എല്ലാവരും തയാറാകണമെന്നും തൃണമൂല്‍കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
യുവതിയുടെ തലയറുത്ത് കിടക്കയ്ക്കടിയില്‍ ഒളിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍
മധുവിഹാര്‍: തലസ്ഥാന നഗരിയിലെ മധുവിഹാറില്‍ ഭാര്യയുടെ തലവെട്ടിയെടുത്ത് കിടക്കയുടെ അടിയില്‍ ഒളിപ്പിച്ച 40കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. സുബോധ് എന്നയാളാണ് ഭാര്യ മനിഷ(35)യെ കൊലപ്പെടുത്തിയത്. പരപുരുഷ ബന്ധം ആരോപിച്ചായിരുന്നു പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."