എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോകല്‍: ശശികലക്കെതിരേ കേസ്
ചെന്നൈ: ശശികലക്ക് കുരുക്കുമുറുക്കി മറ്റൊരു കേസ്കൂടി. പാര്‍ട്ടി എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോയെന്ന കേസാണ് ഇപ്പോള്‍ മറ്റൊരു കുരുക്കായി അവരെ വേട്ടയാടുന്നത്. മധുര സൗത്ത് എം.എല്‍.എ എസ്. ശരവണനാണ് എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് കാണിച്ച് കൂവത്തൂര്‍ പൊലിസില്‍ പരാതി നല്‍കിയത്.
ശശികലക്കുപുറമെ അവരുടെ ഏറ്റവും അടുത്ത അനുയായിയും നിയമസഭാ കക്ഷി നേതാവുമായ എടപ്പാടി പളനി സാമിക്കെതിരേയും ശരവണന് പരാതി നല്‍കിയിട്ടുണ്ട്.
ഇതോടെ ശശികലക്കൊപ്പം പളനി സാമിയേയും പൊലിസ് കൂട്ടുപ്രതിയാക്കി കേസെടുത്തിട്ടുണ്ട്. കൂവത്തൂരില്‍ എം.എല്‍.എമാരെ പാര്‍പ്പിച്ചിരുന്ന റിസോര്‍ട്ട് പരിസരത്ത് നിന്ന് 40 പേരെ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
എം.എല്‍.എമാര്‍ രക്ഷപ്പെടാതിരിക്കാന്‍ ഏര്‍പ്പെടുത്തിയ കാവല്‍ക്കാരാണ് ഇവരെന്ന് പൊലിസ് അറിയിച്ചു.
എം.എല്‍.എമാരെ പുറത്തുവിടാതെ തടഞ്ഞുവച്ച കാവല്ക്കാരുടെ കണ്ണുവെട്ടിച്ചാണ് താന്‍ രക്ഷപ്പെട്ടതെന്ന് കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന് പിന്തുണ അറിയിച്ച ശരവണന് മാധ്യമങ്ങളോട് പറഞ്ഞു.
ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയാണെങ്കില് വലിയ ഭൂരിപക്ഷമായിരിക്കും ഒ. പനീര്‍ശെല്‍വത്തിന് ഉണ്ടാവുകയെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."