പുറത്തായവരെല്ലാം അകത്തെത്തി; പാര്‍ട്ടിയില്‍ പിടിമുറുക്കി ശശികല
ചെന്നൈ: ബംഗളൂരു കോടതിയിലേക്ക് കീഴടങ്ങാന്‍ പോകുന്നതിന് മുന്‍പ് വൈകാരികമായിട്ടാണ് ശശികല ഓരോ നിമിഷവും ചെലവഴിച്ചത്. മറീന ബീച്ചിലെ ജയലളിത സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അവര്‍ ബംഗളൂരുവിലേക്ക് യാത്രതിരിച്ചത്.
വലിയ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് പോയസ് ഗാര്‍ഡനില്‍ നിന്ന് മറീന ബീച്ചിലേക്ക് ശശികല എത്തിയിരുന്നത്. പോയസ് ഗാര്‍ഡന് പുറത്ത് അണ്ണാ ഡി.എം.കെ അനുകൂലികള്‍ അവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് തടിച്ചുകൂടിയിരുന്നു. എന്നാല്‍ സാധാരണക്കാരായ ജനങ്ങള്‍ ശശികലയുടെ ജയില്‍വാസത്തില്‍ വൈകാരികമായി പ്രതികരിക്കുകയോ തടിച്ചുകൂടുകയോ ചെയ്തില്ലെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ ശശികലക്ക് വലിയ സ്വീകാര്യത ഇല്ലെന്നതിന്റെ സൂചനയാണെന്നും പനീര്‍ശെല്‍വം വിഭാഗം പറഞ്ഞു.
അതേസമയം ജയിലിലേക്ക് തിരിക്കുന്നതിന് മുന്‍പ് അണ്ണാ ഡി.എം.കെയില്‍ തന്റെ അധികാരം ഉറപ്പിച്ചുനിര്‍ത്താനും അവര്‍ നീക്കം നടത്തി. ജയലളിതയുടെ പിന്‍ഗാമി താനാണെന്ന് ഉറപ്പിക്കാനായിരുന്നു ആദ്യം അവര്‍ ശ്രമിച്ചത്. ഇതിന് തെളിവായിരുന്നു മറീന ബീച്ചിലെ ശശികലയുടെ ഓരോ നീക്കങ്ങളും. വൈകാരികമായി പ്രതികരിക്കുന്ന തമിഴ് ജനതയെ ഒപ്പം നിര്‍ത്താനായി ശവകുടീരത്തിലെ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് കണ്ണീരൊഴുക്കലും ഉണ്ടായത്.
ഇതിന് മുന്നോടിയായി മന്നാര്‍ഗുഡി സംഘത്തെ പാര്‍ട്ടിയില്‍ പ്രതിഷ്ഠിച്ചാണ് എ.ഐ.എ.ഡി.എം.കെയെ തന്റെ കൈപ്പിടിയില്‍ ഒതുക്കി ശശികല ബംഗളൂരുവിലേക്ക് പോയത്. ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശശികലയുടെ ബന്ധുക്കളെയെല്ലാം അവര്‍ തിരിച്ചെടുത്തു. നേരത്തെ ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മന്നാര്‍ഗുഡി സംഘത്തിലെ പ്രധാനിയും ശശികലയുടെ മരുമകനുമായ ടി.ടി.വി ദിനകരന്‍, ഡോ.വെങ്കടേഷ് എന്നിവരെ തിരിച്ചെടുത്തു. ടി.ടി.വി ദിനകരനെ അണ്ണാ ഡി.എം.കെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കുകയും ചെയ്തു. വെങ്കടേഷിനെ പാര്‍ട്ടിയുടെ യുവവിഭാഗത്തിന്റെ ചുമതലയേല്‍പ്പിച്ചു. അതേസമയം അവരുടെ ഈ നീക്കം പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.
കുടുംബത്തെ പാര്‍ട്ടിയില്‍ കുത്തിതിരുകിയ ശശികലയുടെ നീക്കത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇത് പനീര്‍ശെല്‍വം ക്യാംപിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."