കസേര കത്തിക്കാനുണ്ടോ... കസേര..!
ഒരുകാലത്ത് ഗരിമയുടെയും പെരുമയുടെയും പൊന്‍തൂവല്‍ ചാര്‍ത്തിയ കൗമാരങ്ങള്‍ അടുത്തകാലത്തായി വിധ്വംസകപ്രവര്‍ത്തനങ്ങളുടെ പിറകേ പോകുന്നു. വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം സംസ്‌കാരസമ്പാദനമാണ്. ആ മഹാമൂല്യത്തെ ചവിട്ടിയരച്ചുകൊണ്ടാണു വിദ്യാര്‍ഥികള്‍ മുന്നേറുന്നത്. മൂല്യങ്ങള്‍ക്കെതിരായ ചിന്താഗതി വളര്‍ന്നു വ്യാപകമാവുകയാണ്.
മാതാപിതാക്കള്‍, ഗുരുക്കന്മാര്‍ തുടങ്ങി ആരെയും അംഗീകരിക്കില്ലെന്ന മനോഭാവം. ആരെയും അനുസരിക്കില്ലെന്ന നെഞ്ചുറപ്പ് വിദ്യാര്‍ഥികളില്‍ രൂഢമൂലമായി വരികയാണ്. സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളോടു നരഭോജികളായ ക്രൂരമൃഗങ്ങളെപ്പോലെയാണു പെരുമാറുന്നത്.
കഴിഞ്ഞകൊല്ലം കാംപസിനകത്തുവച്ചു സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘംചേര്‍ന്ന് ഒരു ജൂനിയര്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുപൊട്ടിച്ച സംഭവം സ്മരിക്കുക. അധികം താമസിയാതെ സമാനമായ സംഭവം സമീപത്തെ മറ്റൊരു കോളജിലും അരങ്ങേറി. അവിടെ ചെവിക്കു പകരം പൊട്ടിച്ചതു കണ്ണായിരുന്നു എന്ന വ്യത്യാസം മാത്രം. കോളജില്‍ പോവുകയെന്നാല്‍ സാഹസികയാത്രയുടെ പിരിമുറുക്കവും അപകടസാധ്യതയുമുള്ള കൃത്യമായി മാറിയിരിക്കുന്നു. മക്കളെ വിദ്യാലയത്തിലേക്കും കലാലയത്തിലേക്കും അയക്കുന്ന രക്ഷിതാക്കളുടെ ഹൃദയമിടിപ്പു വര്‍ധിക്കുകയാണ്.
പോയകാലങ്ങളില്‍ ആടിയും പാടിയും വിദ്യാലയദിനങ്ങള്‍ സഹര്‍ഷം ചെലവഴിച്ച കൗമാരങ്ങളാണല്ലോ വളര്‍ന്നു തരുണന്മാരായി കലാശാലകളില്‍ എത്തുന്നത്. തങ്ങള്‍ ചെലവഴിച്ച സമയവും തങ്ങള്‍ക്കു വേണ്ടി മാതാപിതാക്കള്‍ ചെലവഴിച്ച സമ്പത്തും തങ്ങളില്‍ സാംസ്‌കാരിക മേന്മ തരിമ്പും ഉണ്ടാക്കിയിട്ടില്ലെന്നാണല്ലോ കോളജിലെ മൂല്യരഹിതപ്രവര്‍ത്തനങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്.
റിട്ടയര്‍ ചെയ്യാന്‍പോകുന്ന പ്രിന്‍സിപ്പലിനു ശവമഞ്ചമൊരുക്കുക, വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്യുന്നതിനിടെ വിദ്യാഭ്യാസ ഡയരക്ടറുടെ മുഖത്തേക്കു കരി ഓയില്‍ ഒഴിക്കുക തുടങ്ങിയ ഹീനകൃത്യങ്ങള്‍ ചെയ്തതു മറക്കാറായിട്ടില്ല. ഇപ്പോഴിതാ, മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച വാര്‍ത്ത വന്നിരിക്കുന്നു! (ഭാഗ്യം, പ്രിന്‍സിപ്പലിനെ കത്തിച്ചില്ലല്ലോ എന്ന് ആശ്വസിക്കാം.)
ഇത്തരം ഹീനപ്രവൃത്തികള്‍ ഇഹലോകജീവിതം നരകതുല്യമാക്കുകയാണ്. ഭൂമുഖത്തെ എല്ലാ ദീപങ്ങളും ജ്വലിക്കുമ്പോള്‍തന്നെ മനസ്സിലെ മണിദീപം തല്ലിക്കെടുത്തുന്ന ഈ പ്രക്രിയ കൗമാരഹൃദയങ്ങളെ കീഴ്‌പ്പെടുത്തുകയാണ്. സഹജീവിസ്‌നേഹവും പരജീവിസ്‌നേഹവും ഹൃദയത്തിന്റെ കോണിലെങ്കിലും കാത്തുസൂക്ഷിക്കാന്‍ കൗമാരക്കാര്‍ക്കു നിര്‍ദേശമോ സൂചനയോ നല്‍കാന്‍ ബാധ്യതപ്പെട്ട അധ്യാപകരില്‍ ചിലര്‍ കസേര കത്തിക്കാന്‍ പരോക്ഷമായ പിന്തുണ നല്‍കിയെന്നും വാര്‍ത്തയുണ്ട്. ഗുരുശിഷ്യബന്ധം ഇതിലപ്പുറം 'ജനകീയ'മാക്കാന്‍ എങ്ങനെ കഴിയും.
ഇതേ സ്ഥിതി തുടരുന്നെന്നിരിക്കട്ടെ. നഗരങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാരുടെയും പ്രധാനാധ്യാപകരുടെയും കസേരകള്‍ മുഴുവന്‍ കത്തിച്ചുകഴിഞ്ഞാലും പ്രശ്‌നം തീരുമോ. കത്തിക്കാന്‍ കസേരയൊന്നും ബാക്കിയില്ലാതിരിക്കുകയും പ്രശ്‌നം അതേപടി നില്‍ക്കുകയും ചെയ്യുമ്പോള്‍ എന്തു ചെയ്യും.
അപ്പോള്‍ ചില അധ്യാപകരുടെ സഹായത്തോടെ തെരുവിലിറങ്ങി നീട്ടി വിളിച്ചു ചോദിക്കേണ്ടിവരും: 'കസേരയുണ്ടോ കത്തിക്കാന്‍... കസേരയുണ്ടോ...' 'അമ്മി കൊത്താനുണ്ടോ' എന്നു പണ്ടു തമിഴത്തിപ്പെണ്ണുങ്ങള്‍ ചോദിച്ചു നാടുനീളെ നടന്നപോലെ. ഇതിനു പിന്നില്‍ ആരായാലും കുട്ടികളെക്കൊണ്ട് ഇങ്ങനെ ചൂടുചോറു വാരിക്കരുതേയെന്നാണ് അവരോട് അഭ്യര്‍ഥിക്കാനുള്ളത്. കളങ്കമേശാത്ത കൗമാരഹൃദയങ്ങളില്‍ കാപട്യത്തിന്റെയും കാലുഷ്യത്തിന്റേയും കറ നിറയ്ക്കരുതേ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."