ബേപ്പൂര്‍ വരണ്ടുണങ്ങുന്നു
ഫറോക്ക്: വേനല്‍ കനത്തതോടെ ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ മിക്കപ്രദേശങ്ങളും കൊടുംവരള്‍ച്ചയിലേക്ക്. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ദാഹജലത്തിനായി ജനം നെട്ടോട്ടമോടുകയാണ്.
തുലാവര്‍ഷവും വേനല്‍മഴയും ലഭിക്കാത്തതിനാല്‍ പലപ്രദേശങ്ങളിലെ കിണറുകളും ജലസ്രോതസുകളും ഇപ്പോള്‍തന്നെ വരണ്ടുണങ്ങയിട്ടുണ്ട്. ബേപ്പൂര്‍, ഫറോക്ക്, ചെറുവണ്ണൂര്‍ പ്രദേശങ്ങളിലാണ് കുടിവെള്ളത്തിനു കടുത്ത പ്രതിസന്ധി നേരിടുന്നത്. ഫറോക്ക് നഗരസഭയില്‍ കരുവന്‍തിരുത്തി വില്ലേജില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇവിടെ പൈപ്പ് വെള്ളത്തെ ആശ്രയിച്ചു ജീവിച്ചിരുന്ന പ്രദേശത്തുകാര്‍ ഇതോടെ പൊറുതിമുട്ടുകയാണ്. കരുവന്‍തിരുത്തിക്കായി പലപദ്ധതികളും ആവിഷ്‌കരിച്ചിരുന്നെങ്കിലും ചുവപ്പുനാടയില്‍ ഒതുങ്ങുകയായിരുന്നു. പുഴയോട് ചേര്‍ന്നുനില്‍കുന്ന പ്രദേശമായതിനാല്‍ വേനലെത്തും മുന്‍പെ കിണറുകളില്‍ ഉപ്പുവെള്ളം കയറുന്നതും പ്രതിസന്ധി രൂക്ഷമാക്കി.
ആയിരക്കണക്കിനു കുടുംബങ്ങള്‍ക്കായി വിവിധ പദ്ധതികളില്‍ നിന്നായി നൂറോളം കുടിവെള്ള ടാപ്പുകളാണ് കരുവന്‍തിരുത്തി വില്ലേജിലുള്ളത്. ഈ പൈപ്പുകള്‍ക്ക് മുന്നിലെല്ലാം രാവിലെ സ്ത്രീകളുടെ കാത്തുനില്‍പ്പാണ്. ഒന്നര ദിവസം കൂടുമ്പോള്‍ മൂന്നു കുടം വെള്ളമാണ് ഇതില്‍ നിന്നു ലഭിക്കുക. എന്നാല്‍ മണിക്കൂറുകളോളം കനത്ത വെയിലേറ്റ് കാത്തിരിക്കേണ്ട ദുരവസ്ഥയുമാണ്.
കിണറുകളെല്ലാം മലിനമായതിനാല്‍ വീട്ടിലെ മറ്റാവശ്യങ്ങള്‍ക്കും വില കൊടുത്ത് വെള്ളം വാങ്ങുകയാണ് ഇവിടത്തുകാര്‍. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി എളുപ്പത്തില്‍ പൂര്‍ത്തിയാക്കി ജലവിതരണം ആരംഭിക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.
പദ്ധതിയില്‍ നിന്നു കരുവന്‍തിരുത്തിയിലേക്കു വെള്ളം എത്തിക്കുന്നതിനായി റെയില്‍പാത തുരന്ന് പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. കരുവന്‍തിരുത്തി റോഡ് ജങ്ഷനു സമീപമുള്ള മെയിന്‍ പൈപ്പുമായി ബന്ധിപ്പിക്കാനുള്ള ജോലിയാണ് ഇനി ബാക്കിയുള്ളത്.
ഈ പ്രവൃത്തിയും പൂര്‍ത്തിയാക്കി കുടിവെള്ള വിതരണം ആരംഭിച്ചാല്‍ വലിയ ദുരിതത്തിനാണ് അറുതിയാവുക.ചെറുവണ്ണൂരിലെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട കിണറുകളെല്ലാം വരണ്ടുതുടങ്ങിയിട്ടുണ്ട്. ചെറുകിട പദ്ധതികളിലെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ പമ്പിങ് ഭാഗികമായി ചുരുക്കിയിരിക്കുകയാണ്.
ഇതിനെത്തുടര്‍ന്നു പലപ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാണ്. അതിനിടെ ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്നും ചെറുവണ്ണൂര്‍ മേഖലയില്‍ ശുദ്ധജലവിതരണം ആരംഭിക്കുന്നത് സാങ്കേതിക കുരുക്കില്‍പ്പെട്ട് അനന്തമായി നീണ്ടുപോകുന്നതില്‍ കടുത്ത നിരാശയിലാണ് ജനം.
കടലോര മേഖലയായ ബേപ്പൂരിലെ ജലസ്രോതസുകളില്‍ ഓരുജലം കയറി ജനം ദുരിതമനുഭവിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രമായ പുളിമൂട്ട് തീരത്തും കടുത്ത ശുദ്ധജലക്ഷാമമാണ് അനുഭവപ്പെടുന്നത്.
മണ്ഡലത്തില്‍ രൂക്ഷമാകുന്ന വരള്‍ച്ച - കുടിവെള്ള ക്ഷാമം ചര്‍ച്ച ചെയ്യുന്നതിനായി വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ഇന്നു പകല്‍ മൂന്നിനു ഫറോക്ക് മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും റവന്യു അധികൃതരുടെയും നേതൃത്വത്തില്‍ അടിയന്തരമായി ശുദ്ധജലവിതരണം ആരംഭിക്കണമെന്നാവശ്യം ശക്തമായിരിക്കുയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."