ഭക്ഷ്യവിഷബാധ; ആശുപത്രികളില്‍ ചികിത്സ തുടരുന്നു
എടച്ചേരി: കളിയാംവെള്ളി മഖാമിലെ ആണ്ടുനേര്‍ച്ചക്കിടെയുണ്ടായ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ആശുപത്രികളില്‍ ചികിത്സ തുടരുന്നു. സംഭവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെയും വടകര താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി നിരവധി പേര്‍ വീണ്ടും ചികിത്സയ്‌ക്കെത്തി. ഓര്‍ക്കാട്ടേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മാത്രം ഇന്നലെ വൈകിട്ട് ഏഴുവരെ 52 പേര്‍ ചികില്‍സ തേടിയെത്തി. കഠിനമായ വയറുവേദനയും, വയറിളക്കവുമായാണ് കുട്ടികളടക്കമുളളവര്‍ ആശുപത്രിയിലെത്തിയത്. എടച്ചേരി, ഏറാമല, മുതുവടത്തൂര്‍ ,ഒഞ്ചിയം, കാര്‍ത്തികപ്പളളി, ഓര്‍ക്കാട്ടേരി, കുന്നുമ്മക്കര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് വിഷബാധയേറ്റ രോഗികള്‍ അധികവും എത്തിയത്. ഗുരുതരമായ നിലയില്‍ രണ്ടു പേരെ വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. പ്രിയ, ഓര്‍ക്കാട്ടേരി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാരായ ചെറിയാന്‍, രവീന്ദ്രന്‍, ആദര്‍ശ്, സജിന, തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. ഇന്നലെയും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രണ്ടു ഡോക്ടര്‍മാര്‍ രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജനങ്ങള്‍ ഭീതിയിലായിരിക്കെ അവസരത്തിനൊത്തുയര്‍ന്ന ആരോഗ്യ വകുപ്പ് അധികൃതരുടെ പ്രവര്‍ത്തനം പൊതു ജനങ്ങളില്‍ ഏറെ മതിപ്പുണ്ടാക്കി. എടച്ചേരി പഞ്ചായത്ത് ആരോഗ്യ വകുപ്പുമായി സഹകരിച്ച് പുതിയങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ മെഡിക്കല്‍ ക്യാംപ് നടത്തി.50 ഓളം രോഗികള്‍ ഇന്നലെ ഈ ക്യാംപിലുമെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."