വിവാദങ്ങള്‍ക്കിടയില്‍ കലക്ടര്‍ 'ബ്രോ' മടങ്ങുന്നു
കോഴിക്കോട്: ജനപ്രിയ പദ്ധതികളുമായി ജനങ്ങളുടെ കലക്ടര്‍ ബ്രോയായി മാറിയ എന്‍. പ്രശാന്ത് വിവാദങ്ങള്‍ക്കിടയില്‍ മടങ്ങുന്നു. 2015 മേയിലാണ് എന്‍. പ്രശാന്ത് കോഴിക്കോട് ജില്ലാ കലക്ടറായി ചുമതലയേല്‍ക്കുന്നത്.
പൊതുജന പങ്കാളിത്തത്തോടെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍് ആസൂത്രണം ചെയ്ത് ചുരുങ്ങിയ കാലത്തിനുള്ളില്‍ ജില്ലയിലെ ജനമനസ്സുകളില്‍ ഇടംനേടിയ അദ്ദേഹം ചില വിവാദ നടപടികളിലൂടെയും വാര്‍ത്തകളിലിടം നേടി.
സോഷ്യല്‍ മീഡിയയിലൂടെയുള്ള സജീവമായ ഇടപെടലുകളാണ് അദ്ദേഹത്തെ മറ്റ് ഭരണാധികാരികളില്‍ നിന്നു വ്യത്യസ്തനാക്കിയത്. സ്വന്തമായി തുടങ്ങിയ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിന് രണ്ടരലക്ഷം ഫോളോവര്‍മാരാണുണ്ടായിരുന്നത്. ഇതിലൂടെ ജനങ്ങളുമായി സംവദിക്കാനും മനസ്സിലുദിക്കുന്ന ആശയങ്ങള്‍ ക്ഷേമപദ്ധതികളായി രൂപപ്പെടുത്തിയെടുക്കാനും അദ്ദേഹത്തിനു സാധിച്ചു.
ജില്ലയെ വിശപ്പുരഹിതമാക്കാനായി രൂപംനല്‍കിയ ഓപ്പറേഷന്‍ സുലൈമാനി, കംപാഷനേറ്റ് കോഴിക്കോട്, വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കാനായി കൊണ്ടുവന്ന ഓപ്പറേഷന്‍ സവാരി ഗിരിഗിരി, മുതിര്‍ന്നവരുടെ ക്ഷേമത്തിനായി ആരംഭിച്ച യൊ അപ്പൂപ്പ പദ്ധതി, കുടിവെള്ള സ്രോതസ്സ് ശുദ്ധീകരിക്കുന്നവര്‍ക്ക് ബിരിയാണി നല്‍കുമെന്ന വാഗ്ദാനം തുടങ്ങിയവ ഇതില്‍ ചിലതാണ്.
കോഴിക്കോട് എം.പി എം.കെ രാഘവനുമായുണ്ടായ തര്‍ക്കമാണ് അദ്ദേഹത്തിന്റെ പ്രതിഛായക്ക് കൂടുതല്‍ മങ്ങലേല്‍പ്പിച്ചത്. എം.പിമാരുടെ ലോക്കല്‍ ഏരിയ വികസന പദ്ധതിയുടെ ഫണ്ട് തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വിവാദമായത്.
തുടര്‍ന്ന് മാപ്പ് പറയണമെന്നാവശ്യപ്പെട്ട എം.പിക്ക് ഫേസ്ബുക്കില്‍ കുന്നംകുളത്തിന്റെ മാപ്പ് പ്രദര്‍ശിപ്പിച്ച് കലക്ടര്‍ നല്‍കിയ മറുപടിയും വിവാദമായിരുന്നു.
കോഴിക്കോട് മുന്‍ ഡി.സി.സി പ്രസിഡന്റായിരുന്ന കെ.സി അബുവും ജില്ലാ കലക്ടര്‍ക്കെതിരേ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
കലക്ടറുടെ പ്രവര്‍ത്തനം ഫേസ്ബുക്കില്‍ മാത്രമാണെന്നായിരുന്നു അബുവിന്റെ വിമര്‍ശനം. പ്രശസ്ത ചരിത്രകാരന്‍ എം.ജി.എസ് നാരായണന്റെ നേതൃത്വത്തിലുള്ള മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് സമരസമിതിയും എന്‍. പ്രശാന്തിനെതിരേ വിമര്‍ശനവുമായി രംഗത്തുവന്നു.
ഔദ്യോഗിക വാഹനം സ്വകാര്യആവശ്യങ്ങള്‍ക്കുപയോഗിച്ച സംഭവവും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചക്കിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."