തിരുവമ്പാടിയില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു
മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട പി.ഡബ്ല്യു.ഡി പ്രവൃത്തികളെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി നിയുക്ത എം.എല്‍.എ ജോര്‍ജ് എം. തോമസ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മുക്കം നഗരസഭാ ഓഫിസിലാണു യോഗം നടന്നത്.
മണ്ഡലത്തില്‍ നേരത്തെ ജോര്‍ജ് എം. തോമസ് എം.എല്‍.എയായിരുന്ന സമയത്ത് ആവിഷ്കരിച്ച വിവിധ പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്. ഈ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുകയും പുതിയ പദ്ധതികളെ കുറിച്ചു ധാരണയുണ്ടാക്കുകയുമാണു യോഗം കൊണ്ടു ലക്ഷ്യമിട്ടത്.
2017ലെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട വിവിധ പദ്ധതികളെ കുറിച്ചും ചര്‍ച്ച ചെയ്തു. തിരുവമ്പാടി-പുന്നക്കല്‍ റോഡ്, നോര്‍ത്ത് കാരശ്ശേരി-തേക്കുംകുറ്റി റോഡ്, മുക്കം ടൗണ്‍ നവീകരണം തുടങ്ങിയ പ്രധാന പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.
നഗരസഭാ ചെയര്മാന് വി. കുഞ്ഞന്‍ മാസ്റ്റര്‍, കെ.ടി ശ്രീധരന്, പി. പ്രശോഭ് കുമാര്‍, പി.ടി ബാബു, പി.ഡബ്ല്യു.ഡി എന്‍ജിനീയര്‍ സുരേഷ് ബാബു, കെ.വിനയന്, റിനി പി. മാത്യു, ശിവദാസന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."