അനധികൃത മദ്യവില്‍പന നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന്
വളാഞ്ചേരി: വളാഞ്ചേരിയിലെ പട്ടാമ്പി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഹോട്ടലില്‍ അനധികൃത മദ്യ വില്‍പന നടത്തുന്നത് അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹോട്ടലില്‍ അനധികൃത മദ്യവില്‍പന നടത്തുന്നുണ്ടെങ്കില്‍ തടയണമെന്ന് മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ക്കും തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും നല്‍കി ഇടക്കാല ഉത്തരവായത്.
വളാഞ്ചേരി മുനിസിപ്പല്‍ മുസ്‌ലിംലീഗ് കമ്മിറ്റി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല വിധിയുണ്ടായിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി, മദ്യവില്‍പന നടക്കുന്നില്ലെന്നുറപ്പ് വരുത്താന്‍ അധികാരികള്‍ തയാറാകണമെന്ന് മുസ്‌ലിംലീഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വളാഞ്ചേരിയില്‍ പുതിയതായി മദ്യശാല വരുന്നതിനെതിരേ ശക്തമായ ജനവികാരമാണ് നിലനില്‍ക്കുന്നത്. യാതൊരു കാരണവശാലും ഇനിയൊരു മദ്യശാല തുറക്കാന്‍ അനുവദിക്കില്ലെന്നാണ് മുസ്‌ലിം ലീഗ് നിലപാട്. നിലവിലുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ വളാഞ്ചേരി ദേശീയ പാതയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ബിയര്‍ ആന്‍ഡ് വൈന്‍ ഹോട്ടലുകള്‍ അടച്ചു പൂട്ടണമെന്നും മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഷ്‌റഫ് അമ്പലത്തിങ്ങല്‍, ജനറല്‍ സെക്രട്ടറി സലാം വളാഞ്ചേരി, ഭാരവാഹികളായ സി അബ്ദുന്നാസര്‍, മുസ്തഫ മൂര്‍ക്കത്ത്, സി ദാവൂദ് മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."