വകുപ്പു തലവന്‍മാര്‍ക്ക് വകുപ്പുതിരിച്ചുതന്നെ കിട്ടി; വയറുനിറയെ!
നിലമ്പൂര്‍: ആദിവാസികളുടെ ക്ഷേമം നടപ്പാക്കാന്‍ വിമുഖത കാണിക്കുന്നെന്നാരോപിച്ച് ഐ.ടി.ഡി.പി, വനം, ജലവിഭവ വകുപ്പുകള്‍ക്കെതിരേ ആദിവാസികളുടെ രൂക്ഷ വിമര്‍ശനം. ആദിവാസി ക്ഷേമകാര്യ നോഡല്‍ ഓഫിസര്‍ എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ നടന്ന വിവിധ വകുപ്പുകളുടെ ഏകോപനം സംബന്ധിച്ചുള്ള അവലോകന യോഗത്തിലാണ് ആദിവാസികള്‍ തുറന്നടിച്ചത്.
ആദിവാസി കോളനികളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനുവേണ്ടി 26 പദ്ധതികള്‍ വാട്ടര്‍ അതോറിറ്റി സമര്‍പ്പിച്ചെങ്കിലും ചേന്നപ്പൊട്ടി കുടിവെള്ള പദ്ധതിക്കു മാത്രമാണ് ഭരണാനുമതി ലഭിച്ചതെന്നും 2013നു ശേഷം ആദിവാസി കേളനികളിലെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ഫണ്ടും ലഭിച്ചിട്ടില്ലെന്നും വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനിയര്‍ അറിയിച്ചു. എന്നാല്‍, പദ്ധതിയുമായി ബന്ധപ്പെട്ടു വാട്ടര്‍ അതോറിറ്റി ഉണ്ടാക്കുന്ന എസ്റ്റിമേറ്റിലെ വന്‍ തുകയാണ് തിച്ചടിക്കു കാരണമെന്ന് ഐ.ടി.ഡി.പി മറുപടി നല്‍കി.
പലതും മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുകയാണെന്ന് ഐ.ടി.ഡി.പി അധികൃതരും വാദിച്ചു. പത്തു വര്‍ഷത്തിനിടയില്‍ 38.51 കോടി രൂപ ചെലവഴിച്ച് 1,069 വീടുകള്‍ ജില്ലയില്‍ ഐ.ടി.ഡി.പി നിര്‍മിച്ചുനല്‍കിയിട്ടുണ്ടെന്ന് ഐ.ടി.ഡി.പി വ്യക്തമാക്കിയെങ്കിലും എത്ര വീടുകള്‍ വാസയോഗ്യമാണെന്ന ചോദ്യത്തിനു മറുപടിയുണ്ടായില്ല. വഴിക്കടവ് വെള്ളക്കട്ട മേഖലയിലെ കുടിവെള്ള പ്രശ്‌നവും ചര്‍ച്ചയായി.
ആദിവാസി കോളനികളിലേക്കുള്ള റോഡുകള്‍ നന്നാക്കാത്തതും മമ്പാട് പഞ്ചായത്തിലെ വീട്ടിക്കുത്ത് കോളനി, ചാലിയാര്‍ പഞ്ചായത്തിലെ വെണ്ണേക്കോട് കോളനി എന്നിവിടങ്ങളിലെ ആദിവാസികളുടെ ഭൂമിക്കു വര്‍ഷങ്ങളായി സ്വീകരിച്ചിരുന്ന നികുതി നിര്‍ത്തിവയ്ക്കാന്‍ റവന്യൂ വകുപ്പിന് നല്‍കിയ നിര്‍ദേശവുമാണ് വനം വകുപ്പിനെതിരേ വിമര്‍ശനത്തിനിടയക്കിയത്. എ.കെ.എസ് ജില്ലാ സെക്രട്ടറിയും മമ്പാട് പഞ്ചായത്ത് അംഗവുമായി എം.ആര്‍ സുബ്രഹ്മണ്യനാണ് വിഷയമവതരിപ്പിച്ചത്. സുബ്രഹ്മണ്യന്റെ വിമര്‍ശനത്തെ തള്ളി എടക്കോട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ പി. രാജീവ് രംഗത്തുവന്നു.
നിലവില്‍ ഈ കോളനികള്‍ സ്ഥിതി ചെയ്യുന്നത് വനഭൂമിയിലാണെന്ന് അദ്ദേഹം പറഞ്ഞു. വനത്തിനുള്ളിലെ ആദിവാസി കോളനികളില്‍ മെഡിക്കല്‍ ക്യാംപുകള്‍ നടത്തുമ്പോള്‍ പൊലിസ് സംരക്ഷണം നല്‍കണമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ആവശ്യപ്പെട്ടു. നിലവില്‍ ആദിവാസി കോളനികളില്‍ റേഷനരി നേരിട്ടെത്തിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പല കോളനികളിലും അരിയെത്തുന്നില്ല. ഐ.ടി.ഡി.പിയുടെ സഹായമുണ്ടെങ്കില്‍ മാത്രമേ ഇതു സാധ്യമാകൂവെന്നു ജില്ലാ സപ്ലൈ ഓഫിസര്‍ വത്സല പറഞ്ഞു. മമ്പാട് വീട്ടിക്കുത്ത് അങ്കണവാടിക്ക് സമീപമുള്ള മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കെതിരേ എടുത്തിരിക്കുന്ന കേസ് ഡി.എഫ്.ഒയ്ക്കു വിടാമെന്നും യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."