'സ്വപ്‌നഫണ്ടില്‍ പദ്ധതി ആസൂത്രണം ചെയ്താല്‍ വികസനവും സ്വപ്്‌നമാകും'
കണ്ണൂര്‍: കിഫ്ബിയെന്ന സ്വപ്നഫണ്ട് മാത്രം കണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ കേരളത്തിന്റെ വികസനവും വെറും സ്വപ്നം മാത്രമായിരിക്കുമെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍. കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനം കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റ് പ്രസംഗം പോലും സാഹിത്യ സമ്മേളനമാക്കിയ കഴിവുകെട്ട ധനകാര്യ മന്ത്രിയാണ് കേരളത്തിലുള്ളത്. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ സമ്പുഷ്ടമാക്കേണ്ട ബജറ്റ് പ്രസംഗത്തിലുടനീളം കവിതചൊല്ലി സമയം കളഞ്ഞ ധനമന്ത്രി കിഫ്ബി എന്ന് മാത്രമാണ് ഉരുവിടുന്നത്. നിത്യ ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാകാതെ കടം വാങ്ങുന്ന സര്‍ക്കാര്‍ കേരളത്തിന്റെ ശാപമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.ഹരിഗോവിന്ദന്‍ അധ്യക്ഷനായി. കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമിതി അംഗം ബെന്നി ബഹനാന്‍ മുഖ്യ പ്രഭാഷണം നടത്തി.സ്മരണിക കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രകാശനം ചെയ്തു. സംസ്ഥാന മീഡിയാ സെല്‍ തയാറാക്കിയ ചരിത്രരേഖ കെ.എം. ഷാജി എം.എല്‍. എ യും പ്രകാശനം ചെയ്തു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ വി.എ. നാരായണന്‍, സുമാ ബാലകൃഷ്ണന്‍, സെറ്റോ ചെയര്‍മാന്‍ എന്‍. രവികുമാര്‍ , തമിഴ് നാട് അധ്യാപക സംഘടനാ ജനറല്‍ സെക്രട്ടറി എന്‍. രംഗരാജന്‍, ഡി.സി.സി. നേതാക്കളായ വി.വി. പുരുഷോത്തമന്‍ , ടി.ഒ. മോഹനന്‍, എന്‍. പി. ശ്രീധരന്‍, സംസ്ഥാന സെക്രട്ടറി ടി.എസ്. സലീം, സംസ്ഥാന ട്രഷറര്‍ എ.കെ. അബ്ദു സമദ് പ്രസംഗിച്ചു.
വിദ്യാഭ്യാസ സമ്മേളനം ഷാനിമോള്‍ ഉസ്മാനും വനിതാ സമ്മേളനം മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹസീനാ സെയ്ദും ഉദ്ഘാടനം ചെയ്തു. വൈകുന്നേരം നഗരത്തില്‍ അധ്യാപക പ്രകടനവും പൊതുസമ്മേളനവും നടന്നു. പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."