ദയനീയ പരാജയം; കൊല്ലത്തെ കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരേ മുറവിളി
രാജു ശ്രീധര്‍
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ദയനീയ പരാജയം ഏറ്റുവാങ്ങിയ കൊല്ലത്തു കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജില്ലയിലെ പതിനൊന്നു മണ്ഡലങ്ങളിലും പാര്‍ട്ടി പരാജയമായിരുന്നെന്നും ജനപിന്തുണയില്ലാത്ത ചില നേതാക്കള്‍ മത്സരത്തനിറങ്ങിയതു തോല്‍വിയുടെ ആക്കംകൂട്ടിയെന്നുമാണ് പ്രധാന വിമര്‍ശനം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചിരുന്നത്. ഡി.സി.സി പ്രസിഡന്റായിരുന്ന പ്രതാപവര്‍മ തമ്പാന്റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനമായിരുന്നു ആ വിജയത്തിനു കാരണമെന്നും എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ചില നേതാക്കളുടെ താല്‍പര്യത്തിനു വഴങ്ങി തമ്പാനെ മാറ്റിയതോടെ ഇതു പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്നും ആക്ഷേപമുണ്ട്. ശേഷം ഡി.സി.സി പ്രസിഡന്റായ വി. സത്യശീലനു പാര്‍ട്ടിയെ നയിക്കാന്‍ കഴിയാതെവന്നതോടെ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനം പരാജയപ്പെടുകയായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇടതുമുന്നണി വ്യക്തമായ ആധിപത്യം പുലര്‍ത്തിയെങ്കിലും ഡി.സി.സി പ്രസിഡന്റിനെ മാറ്റാന്‍ എ ഗ്രൂപ്പ് സംസ്ഥാന നേതൃത്വം തയാറായില്ല. ഇതിനിടെ സത്യശീലനു ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായി.
തുടര്‍ന്നു പാര്‍ട്ടി പ്രവര്‍ത്തനം മന്ദഗതിയിലായതോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കൊടിക്കുന്നില്‍ സുരേഷ് എം.പിക്കു ഡി.സി.സി പ്രസിഡന്റിന്റെ ചുമതല നല്‍കിയത്. ബൂത്തുകമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാന്‍ കൊടിക്കുന്നിലിനു കഴിഞ്ഞെങ്കിലും ഗ്രൂപ്പുപോരു കാരണം മിക്ക ബുത്തുകളുടെയും പ്രവര്‍ത്തനം നിര്‍ജീവമായി. സ്ഥാനാര്‍ഥിത്വം ലഭിക്കാതിരുന്ന ഒരുവിഭാഗം നേതാക്കള്‍ പിന്നോക്കംപോയതും തിരിച്ചടിക്കു കാരണമായി. വിജയപ്രതീക്ഷയുണ്ടായിരുന്ന കരുനാഗപ്പള്ളിയില്‍ ഒരുവിഭാഗം നേതാക്കള്‍ പോളിങ് ദിവസം മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാതെ ഡി.സി.സി ആസ്ഥാനത്തെത്തിയത് ആക്ഷേപത്തിനിടയാക്കിയിട്ടുമുണ്ട്.
ഐ വിഭാഗത്തിലെ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് മത്സരിച്ച കരുനാഗപ്പള്ളിയില്‍ അദ്ദേഹത്തിനെതിരേ പടയൊരുക്കം നടത്തിയത് എ ഗ്രൂപ്പിനൊപ്പം ഐ ഗ്രൂപ്പിലെ ഒരു പ്രമുഖ നേതാവിന്റെ അനുയായികളായിരുന്നു. ഡി.സി.സി വൈസ് പ്രസിഡന്റും വി.എം സുധീരന്റെ അടുത്ത അനുയായിയുമായ സൂരജ് രവി മത്സരിച്ച കൊല്ലത്തും പാര്‍ട്ടിയിലെ ഒരു വിഭാഗം നിസഹകരണത്തിലായിരുന്നു.
കെ.പി.സി.സി ഭാരവാഹികളായ എം.എം ഹസനും ശൂരനാട് രാജശേഖരനും കനത്തപരാജയമാണ് ഏറ്റുവാങ്ങിയത്. ശൂരനാട് മത്സരിച്ച ചാത്തന്നൂരില്‍ ബി.ജെ.പിയായിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്. ഇതിനിടെ ജില്ലയിലെ പാര്‍ട്ടിയെ ശക്തമാക്കാന്‍ യുവനിരയെ രംഗത്തിറക്കണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."