ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിയില്‍ പോര്
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി ബി.ജെ.പിയില്‍ പോരു മുറുകുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവച്ച മണ്ഡലത്തില്‍ മത്സരിക്കാനുള്ള താല്‍പര്യവുമായി ഒന്നിലധികം മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവന്നതോടെയാണ് പോരിനു തുടക്കമായത്.
2016ല്‍ ഇവിടെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ച ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.എസ് ശ്രീധരന്‍പിള്ള 42,682 വോട്ടുകള്‍ നേടിയിരുന്നു. 2011ല്‍ ബി.ജെ.പി സ്ഥാനാര്‍ഥി ആറായിരത്തില്‍പരം വോട്ട് നേടിയിടത്തു നിന്നാണ് ഈ മുന്നേറ്റമുണ്ടായത്. ബി.ഡി.ജെ.എസുമായുണ്ടാക്കിയ സഖ്യവും നാട്ടുകാരനായ ശ്രീധരന്‍പിള്ളയുടെ വ്യക്തിബന്ധങ്ങളും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണത്തിലൂടെ ബി.ജെ.പി സംസ്ഥാനവ്യാപകമായുണ്ടാക്കിയ മുന്നേറ്റവുമൊക്കെ ഈ നേട്ടത്തിനു കാരണമായി.
ഇത്രയേറെ മുന്നേറ്റമുണ്ടാക്കിയ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചേക്കാമെന്ന കണക്കുകൂട്ടലാണ് മറ്റു നേതാക്കള്‍ക്കു സ്ഥാനാര്‍ഥിത്വത്തില്‍ താല്‍പര്യമുണ്ടാകാന്‍ കാരണം. ബി.ജെ.പി ക്യാംപില്‍ ആദ്യം ഉയര്‍ന്നുകേട്ട പേര് ശ്രീധരന്‍പിള്ളയുടേതായിരുന്നു. തൊട്ടുപിറകെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പേരും എം.ടി രമേശിന്റെപേരും ഉയര്‍ന്നുവന്നു. മൂന്നുപേര്‍ക്കു വേണ്ടിയും പാര്‍ട്ടി നേതാക്കള്‍ ചരടുവലി നടത്തുന്നുണ്ട്.
ഇതിനിടയില്‍ തനിക്കു മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ശ്രീധരന്‍പിള്ള കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി വാര്‍ത്ത പുറത്തുവന്നിരുന്നു. കുമ്മനത്തിനു നറുക്കുവീഴുമെന്ന വാര്‍ത്തയുമുണ്ടായിരുന്നു. എന്നാല്‍, ഇതു മറ്റു ചില നേതാക്കള്‍ ആസൂത്രിതമായി സൃഷ്ടിച്ച വാര്‍ത്തയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
താന്‍ മത്സരത്തിനു താല്‍പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന വാര്‍ത്ത ശ്രീധരന്‍പിള്ള നിഷേധിച്ചിട്ടുമുണ്ട്. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തര്‍ക്കം രൂക്ഷമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."