കെ.എസ്.ആര്.ടി.സി വാങ്ങിയ സി.എന്‍.ജി ബസ് തുരുമ്പെടുത്ത് നശിക്കുന്നു
തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും നല്കാനാകാതെ നട്ടംതിരിയുന്ന കെ.എസ്.ആര്.ടി.സി 25 ലക്ഷം രൂപ കൊടുത്ത് വാങ്ങിയ പ്രകൃതിവാതക ബസ് തുരുമ്പെടുത്ത് നശിക്കുന്നു. ചെലവും അന്തരീക്ഷ മലിനീകരണവും കുറഞ്ഞ 100 സി.എന്‍.ജി ബസുകള്‍ വാങ്ങാന്‍ കെ.എസ്.ആര്.ടി.സി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് വാങ്ങിയ ബസാണ് നശിക്കുന്നത്.
ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തതിനുശേഷം ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ഷോപ്പില്‍ കൊണ്ടിടുകയായിരുന്നു. ഒരുദിവസംപോലും ബസ് ഓടിച്ചിരുന്നില്ല. തിരുവനന്തപുരത്ത് പ്രകൃതിവാതകം സംഭരിക്കാനുള്ള സൗകര്യമില്ലാത്തതാണ് ബസ് കട്ടപ്പുറത്താകാന്‍ കാരണം. ഇന്ധനമില്ലാത്തതിനാല്‍ സെന്‍ട്രല്‍ വര്‍ക്ഷോപ്പില്‍നിന്ന് ബസ് പുറത്തിറക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. 24,51,000 രൂപയായിരുന്നു ബസിന്റെ വില. കെ.എസ്.ആര്.ടി.സിയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് തുക വകയിരുത്തിയത്. കൊച്ചിയിലാണ് പ്രകൃതിവാതകം നിറയ്ക്കാന്‍ നിലവില്‍ സംവിധാനമുള്ളത്. ബസ് കൊച്ചിയിലെത്തിച്ച് സര്‍വിസ് നടത്താനായി നിര്‍ദേശിച്ചെങ്കിലും നടന്നില്ല.
തിരുവനന്തപുരം ആനയറയിലെ കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്‍ഡ് പ്രകൃതിവാതക സംഭരണ കേന്ദ്രമാക്കാന്‍ തീരുമാനിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധികാരണം മുടങ്ങുകയായിരുന്നു. മാത്രമല്ല, സി.എന്‍.ജി ബസുകള്‍ വാങ്ങാനുള്ള പദ്ധതിതന്നെ കെ.എസ്.ആര്.ടി.സി ഉപേക്ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."