സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നത് യഥാര്‍ഥ ഗുണഭോക്താവാണെന്ന് ഉറപ്പാക്കും
തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നത് യഥാര്‍ഥ ഗുണഭോക്താവാണെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം.
പദ്ധതി വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മരിച്ചവരുടെയും പുനര്‍വിവാഹം ചെയ്തവരുടെയും പെന്‍ഷന്‍ ഇപ്പോഴും വാങ്ങുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
സഹകരണ ബാങ്കുകള്‍- സംഘങ്ങള്‍ വഴിയാണ് നിലവില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണംചെയ്യുന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സഹകരണ വകുപ്പ് രജിസ്ട്രാര്‍ ഡോ. ഡി. സജിത്ബാബു ആറിന മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഗുണഭോക്താവിന് മാത്രമേ പെന്‍ഷന്‍ തുക കൈമാറാന്‍ പാടുള്ളൂവെന്നാണ് സര്‍ക്കുലറിലുള്ളത്. ഗുണഭോക്താവിന്റെ കൈയൊപ്പോ വിരലടയാളമോ രേഖപ്പെടുത്തി തുക കൈമാറണം. പെന്‍ഷന്‍ വിതരണംചെയ്യുന്ന അവസരത്തില്‍ ഗുണഭോക്താവില്‍നിന്ന് യാതൊരു സാമ്പത്തിക സഹായവും ആവശ്യപ്പെടാനോ കൈപ്പറ്റാനോ പാടില്ല. വ്യക്തമായി അന്വേഷിച്ചശേഷം ഗുണഭോക്താവിനെപ്പറ്റി യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തില്‍ മോണിറ്ററിങ് കമ്മിറ്റിയുടെ അനുവാദത്തോടെ മാത്രമേ പെന്‍ഷന്‍തുക തിരിച്ചടയ്ക്കാന്‍ പാടുള്ളൂ. പെന്‍ഷന്‍ വിതരണംചെയ്യുന്ന അവസരത്തില്‍ ഗുണഭോക്താവ് മരിച്ചുവെന്നോ പുനര്‍വിവാഹം ചെയ്തുവെന്നോ വ്യക്തമായാല്‍ സഹകരണ ബാങ്ക് - സംഘം സെക്രട്ടറിയെ അറിയിക്കേണ്ടതും സെക്രട്ടറി ഇക്കാര്യം 'സേവനാ' സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തേണ്ടതുമാണ്. ഗുണഭോക്താവിന്റെ മരണം- പുനര്‍വിവാഹം റിപ്പോര്‍ട്ട് ചെയ്തശേഷം സെക്രട്ടറി 'സേവനാ' സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്താതിരുന്നാല്‍ കുറ്റമായി കണക്കാക്കുമെന്നും സര്‍ക്കുലറിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."