സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി; കെ.എസ്.ആര്‍.ടി.സി ഭരണസംവിധാനത്തില്‍ മാറ്റംവരുത്തും
കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ ഭരണസംവിധാനത്തില്‍ മാറ്റംവരുത്തുമെന്ന് സര്‍ക്കാരും ദൈനംദിന കലക്ഷനില്‍നിന്ന് നിശ്ചിത തുക മാറ്റിവച്ച് പെന്‍ഷന്‍ നല്‍കാനാകില്ലെന്ന് കെ.എസ്.ആര്‍.ടി.സിയും ഹൈക്കോടതിയില്‍ വ്യക്തമാക്കി.
പെന്‍ഷന്‍ കുടിശ്ശിക വിതരണംചെയ്യണമെന്നും പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെടുന്ന ഹരജികളില്‍ ഇരുകൂട്ടരും നല്‍കിയ സത്യവാങ്മൂലങ്ങളിലാണ് ഇക്കാര്യം പറയുന്നത്. കോര്‍പറേഷന്റെ പുനഃക്രമീകരണത്തെക്കുറിച്ച് പഠിച്ച് പ്രൊഫ. സുശീല്‍ ഖന്ന നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇതനുസരിച്ച് ഗതാഗത വകുപ്പ് അഡി. സെക്രട്ടറി എസ്. മാലതിയാണ് സത്യവാങ്മൂലം നല്‍കിയത്. ഇടക്കാല റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളനുസരിച്ച് പുനഃക്രമീകരണം തുടങ്ങി. ഭരണകാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കരാറടിസ്ഥാനത്തില്‍ രണ്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരെയും ഒരു ഡെപ്യൂട്ടി ജനറല്‍ മാനേജരെയും നിയമിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ (അഡ്മിനിസ്‌ട്രേഷന്‍) ചുമതല ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്ക് (ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) കൈമാറാന്‍ നിര്‍ദേശിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടറെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മേഖലകളില്‍ ഒരിടത്ത് നിയോഗിക്കും. ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചു. ജോലിസമയം എട്ട് മണിക്കൂറാക്കി. മിനിസ്റ്റീരിയല്‍ സ്റ്റാഫിന്റെ ജോലിസമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാക്കി. ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ഡ്യൂട്ടി ശാസ്ത്രീയമായി പരിഷ്‌കരിച്ചു. വര്‍ക്ക്‌ഷോപ്പുകളുടെ നിലവാരം, എന്‍ജിന്‍ റീ കണ്ടീഷനിങ്, ബസ് - സ്റ്റാഫ് അനുപാതം തുടങ്ങിയവ ദേശീയ ശരാശരിയിലെത്തിക്കാന്‍ നടപടികളെടുത്തു. ഇന്ധനം ലാഭിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഇന്‍സെന്റീവ് നല്‍കി.
900 പുതിയ ബസുകള്‍ വാങ്ങാന്‍ കിഫ്ബിയില്‍നിന്ന് 324 കോടി രൂപയെടുക്കാന്‍ അനുമതി നല്‍കി. ഈ സാമ്പത്തികവര്‍ഷം 685 കോടി രൂപ നല്‍കി. മാര്‍ച്ചിന് മുന്‍പ് പെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍ നടപടികളെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എസ്.ബി.ഐയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മുഖേന ഉയര്‍ന്ന പലിശയുള്ള ഹ്രസ്വകാല വായ്പകളെ കുറഞ്ഞ പലിശയുള്ള ദീര്‍ഘകാല വായ്പകളാക്കി മാറ്റാന്‍ നടപടി തുടങ്ങി. പെന്‍ഷന്‍ നല്‍കാന്‍ ദൈനംദിന കലക്ഷനില്‍നിന്ന് നിശ്ചിത തുക മാറ്റിവച്ചാല്‍ പൊതുഗതാഗതം സ്തംഭിക്കും.
ഈ സാമ്പത്തികവര്‍ഷം ഏറ്റവും അധികം വരുമാനമുണ്ടായ ജനുവരിയിലെ കണക്കാണ് ഇതിനുവേണ്ടി പരിശോധിച്ചത്. എന്നിട്ടും പ്രതിദിനം 95.6 ലക്ഷമാണ് നഷ്ടം. ദൈനംദിന ചെലവുകള്‍ക്കുപോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ട്. സ്‌പെയര്‍ പാര്‍ട്‌സിനും ഇന്ധനത്തിനും കൃത്യമായി പണം നല്‍കാത്തതിനാല്‍ ഈ വകയിലെ ഇളവുകള്‍ നഷ്ടമാകുന്നു. എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിലെ ചില ബാങ്കുകള്‍ ആയിരം കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. മറ്റു ചില ബാങ്കുകളുടെ നടപടികള്‍ ഈ മാസം അവസാനം പൂര്‍ത്തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."