എന്‍ഡോസള്‍ഫാന്‍ : പട്ടികയില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തും
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ അര്‍ഹരായവരെയെല്ലാം ഉള്‍പ്പെടുത്താന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു.
പട്ടികയില്‍ പുതിയതായി 287 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന 1618 പേരില്‍ അര്‍ഹരുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി പഞ്ചായത്തുകളില്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. രണ്ടുമാസത്തിനകം എന്‍.എച്ച്.എം പ്രൊജക്ട് മാനേജര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
2017 എപ്രിലില്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാംപിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന യോഗം 287 പേരെ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. അടിയന്തര ചികിത്സ ആവശ്യമുള്ള 657 പേര്‍ക്ക് സൗജന്യചികിത്സയും അനുവദിച്ചിരുന്നു. 287 പേരെ കൂടാതെ ദുരിതബാധിതരുടെ പട്ടികയില്‍പ്പെടാതിരുന്ന 1618 പേര്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കപ്പെട്ട കാലഘട്ടത്തില്‍ ജില്ലയിലെ 11 ദുരിതബാധിത പഞ്ചായത്തുകളിലോ സമീപ പഞ്ചായത്തുകളിലോ താമസക്കാരായിരുന്നോയെന്നാണ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഈ മാസം അവസാനത്തോടെ ക്യാംപുകള്‍ എന്‍.എച്ച്.എം ജില്ലാ പ്രൊജക്ട് മാനേജരുടെ നേതൃത്വത്തില്‍ ആരംഭിക്കാനും തീരുമാനമായി.
എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍കൂടി സ്വീകരിച്ചാകും ക്യാംപുകള്‍ നടത്തുക. അതാത് പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ സാന്നിധ്യവും ക്യാംപിലുണ്ടാകും. ക്യാംപിലെത്തുന്നവര്‍ ആവശ്യമായ രേഖകളുമായി വരണമെന്ന് യോഗം നിര്‍ദേശിച്ചു. പട്ടികയില്‍നിന്ന് നിരവധിപേര്‍ പുറത്തായത് പ്രതിഷേധത്തിനിടയാക്കുകയും തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സെക്രട്ടേറിയറ്റിന് സമീപം സമരം നടത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."