അപകടങ്ങളുടെ വര്‍ധനവ്; കൂടുതല്‍ ജാഗ്രതയോടെ മതിലകം പൊലിസ്
കയ്പമംഗലം: റോഡപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മതിലകം പൊലിസിന്റെ നേതൃത്വത്തിലുള്ള ഹൈവേ ജാഗ്രതാ സമിതി കൂടുതല്‍ ശക്തമാക്കി വിവിധ പദ്ധതികള്‍ നടപ്പിലാക്കാനൊരുങ്ങുന്നു. മതിലകം പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ സുശാന്ത് അധ്യക്ഷനായ യോഗത്തിലാണ് വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍ കുറച്ചു കൊണ്ടു വരാനാവശ്യമായ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. രാത്രികാലങ്ങളില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ ഉറക്കത്തിലേക്ക് വഴുതിപ്പോകാതിരിക്കാന്‍ രാത്രി പന്ത്രണ്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെ ഡ്രൈവര്‍മാര്‍ക്ക് ചുക്ക് കാപ്പി വിതരണം ചെയ്യാനാണ് ആദ്യ തീരുമാനം.
ഓരോ ആഴ്ചയിലും ആറു സ്ഥലങ്ങളിലായി പദ്ധതി നടപ്പില്‍ വരുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. 19 ന് ചെന്ത്രാപ്പിന്നിയില്‍ പദ്ധതിക്ക് തുടക്കം കുറിക്കും. പിന്നീട് മതിലകം പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളായ പെരിഞ്ഞനം, പുളിഞ്ചോട്, മതിലകം കണ്ടൈനര്‍ ഏരിയ, എസ്.എന്‍.പുരം, പനങ്ങാട്, ശാന്തിപുരം എന്നിവിടങ്ങളിലും പദ്ധതി നടപ്പിലാക്കും. കൂടാതെ പൊതുജനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും പാതയോരങ്ങളില്‍ മിഴിയടച്ചു നില്‍ക്കുന്ന വഴിവിളക്കുകള്‍ മാറ്റി സ്ഥാപിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും പാതയോരങ്ങളില്‍ അനധികൃതമായി തുടങ്ങിയിട്ടുള്ള കച്ചവട സ്ഥാപനങ്ങള്‍ നീക്കം ചെയ്യാനും റോഡിലേക്ക് ഇറക്കി കെട്ടിയിട്ടുള്ള ഷോപ്പുകള്‍ പൊളിച്ചു നീക്കാനും തീരുമാനമായിട്ടുണ്ട്. എസ്.ഐയെ കൂടാതെ അഡീഷണല്‍ എസ്.ഐ .സേവ്യര്‍, സിവില്‍ പൊലിസ് ഓഫിസര്‍ സിയാദ്, സ്‌റ്റേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജാഗ്രതാ സമിതി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."