പി.എച്ച്.സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: മന്ത്രി ശൈലജ
കണ്ണൂര്‍: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ക്യൂബന്‍ മാതൃകയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ചെറിയ അസുഖങ്ങള്‍ക്കു മരുന്നു നല്‍കുന്നതിലപ്പുറം പി.എച്ച്.സിയിലൂടെ ഒരു നാടിന്റെ രോഗാതുരമായ അവസ്ഥ മനസിലാക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും അവര്‍ പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ പി.എച്ച്.സികളെയും ഒറ്റയടിക്കു മാറ്റിയെടുക്കാനാവില്ല. ഘട്ടംഘട്ടമായി സംവിധാനങ്ങളൊരുക്കും.
ആശുപത്രികള്‍ കുറവുള്ള മലയോരമേഖലയ്ക്ക് ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കും. ഡോക്ടറില്ലാത്ത പി.എച്ച്.സികളില്‍ അടിയന്തരമായി ഒരു ഡോക്ടറെയെങ്കിലും നിയോഗിക്കും. പൊതുജനങ്ങള്‍ക്കു സര്‍ക്കാര്‍ സംവിധാനത്തിലൂടെ പരമാവധി ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനാണു പ്രഥമ പരിഗണനയെന്നും മന്ത്രി പറഞ്ഞു.
പരിയാരം മെഡിക്കല്‍കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതു നയപരമായ കാര്യമായതിനാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴൊന്നും പറയാനാവില്ല. മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. താഴെത്തട്ടിലുള്ള ചികിത്സാ സംവിധാനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുക.
ഒരു ജില്ലയ്ക്ക് ഒരു മെഡിക്കല്‍കോളജ് എന്നു പറഞ്ഞു കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച സ്ഥാപനങ്ങളില്‍ ആവശ്യത്തിനു ജീവനക്കാരോ സംവിധാനങ്ങളോ ഇല്ല. ഇക്കാര്യങ്ങളെല്ലാം വിശദമായ ചര്‍ച്ചയ്ക്കു വിധേയമാക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."