സി.കെ ജാനുവിന്റെ നേതൃത്വത്തില്‍ ഇന്നുമുതല്‍ ഭൂമി കൈയേറി സമരം
കല്‍പ്പറ്റ: മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത് ഭൂമി നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഗുണഭോക്തര്‍ ഇന്നു മുതല്‍ കുടില്‍ കെട്ടി സമരം ആരംഭിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ ജാനു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുത്തങ്ങ സമരക്കാരായ 285 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. ഒരു വര്‍ഷം മുന്‍പ് 16 പേര്‍ക്ക് കൈവശരേഖ കൊടുത്തിട്ടുണ്ടെങ്കിലും ഇവര്‍ക്കും ഇതുവരെ ഭൂമി നല്‍കിയിട്ടില്ല.
വാളാട്, വെള്ളരിമല എന്നിവിടങ്ങളിലാണ് ഇന്ന് കുടില്‍ കെട്ടി സമരം ആരംഭിക്കുന്നത്. വാളാട് ഹൈസ്‌കൂളിന് സമീപമുളള പ്രദേശങ്ങളില്‍ നേരത്തെ കൈവശ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരുമടക്കം മുപ്പതോളം പേര്‍ കുടില്‍കെട്ടും. 16 പേര്‍ക്ക് ഒരേക്കര്‍ വീതം 16 ഏക്കര്‍ സ്ഥലവും ഇതിനു പുറമേ 45 ഏക്കര്‍ സ്ഥലവും അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. വെള്ളിമലയില്‍ മുപ്പതോളം ഏക്കര്‍ തിട്ടപ്പെടുത്തിയിടത്ത് ഇരുപതോളം പേരും ഇന്ന് കുടില്‍കെട്ടി താമസമാരംഭിക്കും. തേറ്റമലയിലും, കാഞ്ഞിരങ്ങാടും സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഭൂമി അളന്ന് തിട്ടപ്പെടുത്തിയ പല സ്ഥലങ്ങളിലും സമരക്കാരുടെ നേതൃത്വത്തില്‍ കാടുവെട്ടല്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്കുള്ള കൂലി ഇതുവരെ നല്‍കിയിട്ടില്ല. ഇത് കാരണം പലരും കാടുവെട്ടലില്‍ നിന്നും പിന്മാറുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുടില്‍കെട്ടി സമരം നേരത്തെ ആരംഭിക്കുന്നത്. ആദിവാസികളെ പുനരധിവസിപ്പിക്കുമ്പോള്‍ കൈവശരേഖ മാത്രം നല്‍കി രണ്ടാംകിട പൗരന്മാരാക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൈവശരേഖ മാത്രം ലഭിച്ചവര്‍ക്ക് നികുതി അടക്കാനോ, ബാങ്കില്‍ നിന്നും ലോണ്‍ എടുക്കാനോ സാധ്യമല്ല. ഇതിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. ആറളം കൈവശരേഖ കിട്ടിയവരെയും ഏകോപിപ്പിച്ച് ശക്തമായ സമരം നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പി മുരളി, പി.കെ ബാലകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."