എയര്‍ ഇന്ത്യക്ക് ഇസ്റാഈലിലേക്ക് വ്യോമപാത: സഊദി നിഷേധിച്ചു
റിയാദ്: ഇന്ത്യയില്‍ നിന്ന് സഊദി വഴി ഇസ്റാഈലിലേക്ക് വ്യോമപാത അനുവദിച്ചുവെന്ന റിപ്പോര്‍ട്ട് സഊദി അധികൃതര്‍ നിഷേധിച്ചു. അന്ത്രാഷ്ട്ര മാധ്യമങ്ങളിലടക്കം വാര്‍ത്ത പ്രചരിച്ചതോടെയാണ് സഊദി വ്യോമയാന മന്ത്രാലയം ഇതിനെതിരേ രംഗത്തെത്തിയത്.
സഊദിക്ക് മുകളിലൂടെയുള്ള ഇസ്റാഈല്‍ സര്‍വിസിന് എയര്‍ ഇന്ത്യക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സഊദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വക്താവ് വ്യക്തമാക്കി. നിലവില്‍ ഇസ്റാഈലിലേക്കുള്ള വാണിജ്യ വിമാന സര്‍വിസുകള്‍ക്ക് സഊദി വ്യോമപാതയില്‍ വിലക്കുണ്ട്.
ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യക്ക് സഊദി വഴി ഇസ്റാഈലിലേക്ക് പുതിയ വ്യോമപാത അനുവദിച്ചുവെന്ന വാര്‍ത്ത ആദ്യം ഇസ്റാഈലി പത്രമായ ഹാരറ്റ്സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂഡല്‍ഹിയില്‍ നിന്ന് തെല്‍അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വിസിന് സഊദി വ്യോമപാത തുറന്നു കൊടുത്തെന്നായിരുന്നു റിപ്പോര്‍ട്ട്. നിലവില്‍ മുംബൈയില്‍ നിന്ന് ഇസ്റാഈല്‍ വിമാനമായ ഇല് അല്‍ മാത്രമാണ് ഇസ്റാഈലിലേക്ക് നേരിട്ട് സര്‍വിസ് നടത്തുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്റാഈലിനെ അംഗീകരിക്കാത്തതിനാല്‍ അവരുടെ ആകാശ പാതകള്‍ ഒഴിവാക്കി വളരെ ദൂരം ചുറ്റിയാണ് സര്‍വിസ് നടത്തുന്നത്. എത്യോപ്യ വഴിയുള്ള തെക്കന്‍ വ്യോമപാതയാണ് നിലവില്‍ ഇന്ത്യ - ഇസ്റാഈല്‍ യാത്രക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ സഊദി വ്യോമപാത അനുവദിച്ചതോടെ രണ്ടു മണിക്കൂറിലധികം സമയം ലാഭമുണ്ടാവുമെന്നായിരുന്നു വാര്‍ത്തകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."