ചാരിറ്റി ഫണ്ടില്‍ തട്ടിപ്പ് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് ജയില്‍
ധാക്ക: ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയക്ക് അഴിമതിക്കേസില്‍ അഞ്ചുവര്‍ഷത്തെ തടവുശിക്ഷ. കേസ് പരിഗണിച്ച ധാക്കയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. സിയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സിയ ഓര്‍ഫനേജ് ട്രസ്റ്റിലേക്കു സംഭാവനയായി ലഭിച്ച 2.52 ലക്ഷം യു.എസ് ഡോളര്‍(ഏകദേശം ഒരു കോടി 61 ലക്ഷം രൂപ) വിദേശപ്പണം അവര്‍ തട്ടിയെടുത്തതായാണ് കേസ്. കേസില്‍ സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ ഉള്‍പ്പെടെ മറ്റ് അഞ്ചുപേര്‍ക്ക് പത്തു വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.
നിലവിലെ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ദീര്‍ഘകാല ശത്രുവായ സിയക്കെതിരേ നിലനില്‍ക്കുന്ന പത്തിലേറെ കേസുകളില്‍ ഒന്നിലാണ് ഇന്നലെ കോടതി വിധി പറഞ്ഞത്. സിയ ചാരിറ്റബിള്‍ ട്രസ്റ്റ് കടലാസ് സംഘടനയാണെന്ന് ദേശീയ അഴിമതി വിരുദ്ധ കമ്മിഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്. രാജ്യദ്രോഹം, അഴിമതി ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് 72കാരിയായ ഖാലിദ സിയ. ദിവസങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ നടന്ന അക്രമത്തില്‍ എട്ട് ബസ് യാത്രക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അവര്‍ക്കെതിരേ ജില്ലാ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നുണ്ട്.
ആരോപണം സിയ നിഷേധിച്ചു. തനിക്കെതിരേ കെട്ടിച്ചമച്ച തീര്‍ത്തും രാഷ്ട്രീയപ്രേരിതമായ കേസാണിതെന്ന് അവര്‍ പറഞ്ഞു. കോടതിവിധിക്കെതിരേ അപ്പീലിനു പോകുമെന്ന് സിയയുടെ അഭിഭാഷകര്‍ അറിയിച്ചു. ഉടന്‍തന്നെ ജാമ്യം ലഭിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, സിയയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ചെറിയ കാലയളവിലെ ജയില്‍ശിക്ഷ നല്‍കിയതെന്ന് ജഡ്ജി മുഹമ്മദ് അക്തറുസ്സമാന്‍ പറഞ്ഞു. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി(ബി.എന്‍.പി) നേതാവായ ഖാലിദ സിയ രണ്ടു തവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അതിനിടെ, സിയയുടെ നിരപരാധിത്വം ഉയര്‍ത്തിക്കാട്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.എന്‍.പി പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. കോടതിവിധി കേള്‍ക്കാന്‍ ആയിരക്കണക്കിനു പേരാണ് ധാക്കയിലെ കോടതി വളപ്പിലെത്തിയിരുന്നത്. വിധി പ്രഖ്യാപിച്ചതോടെ അക്രമാസക്തരായ ജനക്കൂട്ടം പൊലിസിനെതിരേയും തിരിഞ്ഞു. തലസ്ഥാനത്തടക്കം പൊലിസുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ദിവസങ്ങള്‍ക്കിടെ 3,500ഓളം പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റിലായതായി ബി.എന്‍.പി നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."