കലയുടെ ഭ്രമണപഥത്തില്‍
കുറിക്കു കൊള്ളുന്ന ചോദ്യവുമായി കഥാകൃത്ത്
മറ്റു സംസ്ഥാനങ്ങളിലേയും ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെയും നീതിനിഷേധത്തെക്കുറിച്ച് വിമര്‍ശിക്കുന്ന ചില വിദ്യാര്‍ഥികള്‍ തിരുവനന്തപുരം പേരൂര്‍ക്കടയിലെ കോളജിലെ സംഭവവികാസങ്ങളെക്കുറിച്ച് മൗനം അവലംബിക്കുന്നതെന്തിനാണ്? ചോദ്യം കഥാകൃത്ത് ടി പത്മാനഭന്റേതാണ്.
വരകളിലും വരികളിലും ഭാവനകള്‍ വിടരുന്ന ചിത്ര സാഹിത്യോത്സവത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ടി പത്മനാഭന്‍ കാലികപ്രാധാന്യമുള്ള ഈ ചോദ്യമുന്നയിച്ചത്. ആനുകാലിക വിഷയങ്ങളില്‍ ഊന്നിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ സംസാരം. ടി പത്മനാഭന്റെ സാന്നിധ്യം കലോത്സവ നഗരിയില്‍ ആവേശം നിറച്ചു.
സര്‍വകലാശാല കലോത്സവങ്ങളിലെ പഴയതാരവും എഴുത്തുകാരനുമായ പി.വി ഷാജികുമാര്‍ മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഒ.എം വിനോദ് അധ്യക്ഷനായി. ചിത്രകാരന്‍ പി.എസ് പുണിഞ്ചിത്തായ, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ ഗോപാലന്‍, പഞ്ചായത്തംഗം നബീസ മുഹമ്മദ്, സിന്‍ഡിക്കേറ്റംഗം കെ രാജു, പി.ടി.എ വൈസ് പ്രസിഡന്റ് എ അബ്ദുള്‍ റഹ്മാന്‍, യൂനിയന്‍ ജോയിന്റ് സെക്രട്ടറി കെ രഹില്‍, വൈസ്‌ചെയര്‍മാന്‍ ശരത് കെ ശശി സംസാരിച്ചു.
പെയ്തിറങ്ങിയ ദുരന്തം കളിമണ്ണിലും
കാസര്‍കോടിന്റെ മണ്ണിലെത്തി കളിമണ്ണ് കൈയിലെടുക്കുമ്പോള്‍ ശംഭു നമ്പൂതിരിക്ക് ഉണ്ടാക്കുന്ന ശില്‍പത്തെ കുറിച്ച് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. വായന എന്ന വിഷയത്തില്‍ എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ ദുരിതത്തെ മെനഞ്ഞെടുത്തു മൊറാഴ സ്റ്റംസ് കോളജിലെ ബിരുദ വിദ്യാര്‍ഥി സി.പി ശംഭു നമ്പൂതിരി. എന്‍ഡോസള്‍ഫാന്റെ ഭീകരത പത്രങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയുമാണു ലോകമറിഞ്ഞത്. എന്നാല്‍ അത് ഒരുവായനക്കാരനിലൂടെ എങ്ങനെ വരച്ചുകാട്ടാമെന്നാണു ശംഭു ഈ കളിമണ്‍ ശില്‍പത്തിലൂടെ തെളിയിക്കുന്നത്.
മധ്യവയസ്‌ക്കന്‍ പുസ്തകം വായിക്കുമ്പോള്‍ തല ഉയര്‍ന്നു വരുന്ന കുട്ടിയുടെ രൂപമാണു ശില്‍പം. കാര്‍ട്ടൂണിലും കാരിക്കേച്ചറിലുമാണ് ശംഭുവിനു താല്‍പര്യം. കഴിഞ്ഞവര്‍ഷവും ഈവര്‍ഷവും സംസ്ഥാന കേരളോത്സവത്തില്‍ കാര്‍ട്ടൂണിലും കാരിക്കേച്ചറിലും ഒന്നാംസ്ഥാനം നേടിയിരുന്നു.
പയ്യന്നൂര്‍ കാനം സ്വദേശിയും ചിത്രകലാധ്യാപകനുമായ സി.പി വാസുദേവന്‍ നമ്പൂതിരിയുടെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."