പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ധനസഹായം
കാസര്‍കോട്: വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടെന്നും എന്നാല്‍ ഇതിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുറവാണെന്നും പ്രവാസി ക്ഷേമത്തിനായുള്ള നിയമസഭാസമിതി ചെയര്‍മാന്‍ കെ.വി അബ്ദുള്‍ ഖാദര്‍. പ്രവാസി കാര്യ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കാണ് ഇതുസംബന്ധിച്ചു മരണപ്പെട്ടവരുടെ അവകാശി അപേക്ഷ നല്‍കേണ്ടത്. പ്രവാസി കാലയളവ് തെളിയിക്കുന്നതിനു പ്രവാസിയുടെ റദ്ദ് ചെയ്ത പാസ്‌പോര്‍ട്ട്, വിസ പതിച്ച പേജുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, മൃതദേഹം കൊണ്ടുവരുന്നതിലേക്ക് ആവശ്യമായ പണം സ്ഥാപനമോ സ്‌പോണ്‍സറോ ചെലവാക്കിയിട്ടില്ലെന്ന എംബസി-കോണ്‍സലേറ്റ് സാക്ഷ്യപ്പെടുത്തിയ രേഖ, ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, മൃതദേഹം കൊണ്ടുവരുന്നതിലേക്ക് ചെലവിട്ട പണം സംബന്ധിച്ച ബില്ലുകള്‍, മൃതദേഹം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും അപേക്ഷകന്‍ തന്നെയാണ് വഹിച്ചത് എന്നു തെളിയിക്കുന്ന രേഖ തുടങ്ങിയവയാണു നിര്‍ദിഷ്ട ഫോറത്തിലുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. വിദേശജയിലുകളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് നിയമസഹായം നല്‍കുന്നതിനായുളള സെല്ലും നിലവിലുണ്ട്. വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ അഭിഭാഷകരുടെ എം പാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ വഴി നിയമസഹായം ലഭ്യമാക്കും.
നിശ്ചിത അപേക്ഷാഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മലയാളി സംഘടനകള്‍ക്കും ജയില്‍വാസം അനുഭവിക്കുന്ന വ്യക്തിയുടെ ബന്ധുക്കള്‍ക്കും നിര്‍ദിഷ്ട അപേക്ഷാഫോറത്തില്‍ നോര്‍ക്ക റൂട്ട്‌സില്‍ അപേക്ഷ നല്‍കാം. ധനസഹായപദ്ധതിയില്‍ നിന്നു ചികിത്സാ സഹായം, മരണാനന്തര സഹായം എന്നിവയും നല്‍കി വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."