പ്രവാസികള്‍ക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കണം
കാസര്‍കോട്: കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് അടിയന്തിരമായി പുനഃസംഘടിപ്പിക്കണമെന്നും ക്ഷേമനിധി പെന്‍ഷനും ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്‌കരിക്കണമെന്നും ഇത് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും കേരള നിയമസഭയുടെ പ്രവാസി ക്ഷേമ സമിതി ചെയര്‍മാന്‍ കെ.വി അബ്ദുല്‍ ഖാദര്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമിതിയുടെ സിറ്റിങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി അംഗം എം രാജഗോപാലനും സിറ്റിംഗില്‍ സംബന്ധിച്ചു. പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയാണ് പ്രവാസി മലയാളികള്‍ കേരളത്തില്‍ നിക്ഷേപിക്കുന്നത്. ഇവരില്‍ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുള്ളവരാണ്. ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ ഭൂരിപക്ഷത്തിനു ഉപകരിക്കണമെന്നു സമിതി വിലയിരുത്തി.
വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റിന്റെ അന്യായമായ വര്‍ധനവും പ്രവാസി മലയാളികള്‍ക്കു വിദേശ രാജ്യങ്ങളില്‍ നിയമസഹായം ലഭിക്കുന്നതിനുള്ള നടപടികളും മൃതദേഹം നാട്ടിലെത്തിക്കാന്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നതും സംസ്ഥാനം കേന്ദ്രസര്‍ക്കാറിനെ ബോധ്യപ്പെടുത്തി നടപടി സ്വീകരിക്കും. മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നു വേണ്ട നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും സമിതി അറിയിച്ചു.
പ്രവാസി ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം എല്ലാ ജില്ലകളിലും ആരംഭിക്കുന്നതിനായി നിലവില്‍ കലക്ടറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് ഓഫിസുകളില്‍ സൗകര്യമേര്‍പ്പെടുത്തും. ഈ വകുപ്പിലേക്ക് കൂടുതല്‍ ജീവനക്കാരെ നിയമിക്കും. സംസ്ഥാനത്തെ പ്രവാസികളെക്കുറിച്ചുള്ള സമഗ്ര വിവരശേഖരണം നടത്തുന്നതിനു കുടുംബശ്രീയെ ചുമതലപ്പെടുത്തും. ക്ഷേമനിധി ആനുകൂല്യങ്ങള്‍ 10 വര്‍ഷമായി പരിമിതപ്പെടുത്തുന്നത് ആകര്‍ഷകമല്ലെന്നും ഇതു തിരുത്താന്‍ ആവശ്യപ്പെടുമെന്നും സമിതി അറിയിച്ചു. പ്രവാസി പുനരധിവാസ പദ്ധതി കാര്യക്ഷമമാക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും. മംഗളൂരു വിമാനത്താവളത്തില്‍ നിന്നു ജില്ലയിലേക്കു കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കുന്നതിനു അടിയന്തിര ശുപാര്‍ശ നല്‍കും.
പ്രവാസി പെന്‍ഷന്‍ 5000 രൂപയായി വര്‍ധിപ്പിക്കണമെന്നും 60 വയസ് കഴിഞ്ഞവരെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണമെന്നും വായ്പ വിതരണം സുതാര്യമാക്കണമെന്നും പ്രവാസിസംഘടന പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രവാസി മലയാളികളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താണമെന്നും ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും ചികിത്സാ ധനസഹായം, വിവാഹ ധനസഹായം എന്നിവ വര്‍ധിപ്പിക്കണമെന്നും തുടങ്ങി നിരവധി പരാതികളാണു മിതിക്കു മുന്‍പാകെ എത്തിയത്. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, എഡി.എം കെ അംബുജാക്ഷന്‍, എസ്.പി ശ്യാം കുമാര്‍, പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."