മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിക്ക് കടകവിരുദ്ധ അഭിപ്രായവുമായി ബിജിമോള്‍
തൊടുപുഴ: മുല്ലപ്പെരിയാറില്‍ നിലവിലുള്ള അണക്കെട്ടിന് ബലക്ഷയമില്ലെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിന് കടകവിരുദ്ധ അഭിപ്രായവുമായി സി. പി. ഐ. എം. എല്‍ എ. ഇ. എസ് ബിജിമോള്‍ രംഗത്ത്. ഡാമിന്റെ സുരക്ഷിതത്വത്തെ സംബന്ധിച്ച് നിലവില്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണെന്നും അന്താരാഷ്ട്ര തലത്തിലുള്ള പഠനങ്ങള്‍ ഇതുവരെ നടന്നിട്ടില്ലെന്നും മുല്ലപ്പെരിയാര്‍ സ്ഥിതിചെയ്യുന്ന പീരുമേട് മണ്ഡലത്തിലെ എം. എല്‍. എ കൂടിയായ ബിജിമോള്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ തീരദേശവാസികള്‍ക്കൊപ്പമാണ്. ഡാമിന്റെ സുരക്ഷ സംബന്ധിച്ച് അന്താരാഷ്ട്ര ഏജന്‍സിയെക്കൊണ്ട് പഠനം നടത്തണം. മുല്ലപ്പെരിയാര്‍ വിഷയത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വേണം പരിഗണിക്കുവാന്‍. താല്‍ക്കാലിക സുരക്ഷയേക്കാള്‍ ഉപരി പിന്‍തലമുറയുടെ സുരക്ഷകൂടി ഉറപ്പാക്കേണ്ടതാണ്. മുല്ലപ്പെരിയാര്‍ ഡാമും പരിസരപ്രദേശങ്ങളും ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമാണെന്നത് റൂര്‍ക്കി ഐ.ഐ.ടിയുടെ പഠനത്തില്‍ തെളിയിക്കപ്പെട്ടതാണ്.
പെരിയാര്‍ തീരത്ത് താമസിക്കുന്നവരില്‍ ആരെങ്കിലും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ആഗ്രഹിച്ചാല്‍, അതിനുള്ള അവസരം ഉണ്ടാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."