സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റിന് ബഹ്‌റൈന്‍ മതകാര്യവിഭാഗത്തിന്റെ അംഗീകാരം
മനാമ: ബഹ്‌റൈനിലെ സര്‍ക്കാര്‍ മതകാര്യവിഭാഗമായ ഔഖാഫിന്റെ അംഗീകൃത മത പ്രബോധകരുടെ പട്ടികയില്‍ ഏക മലയാളിയായി സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഇടം പിടിച്ചു.
ബഹ്‌റൈന്‍ മിനിസ്ട്രി ഓഫ് ജസ്റ്റിസ് ഇസ്‌ലാമിക് അഫേഴ്‌സും ഔഖാഫ് റിലീജിയസ് അഫേഴ്‌സ് ഡയറക്റ്ററേറ്റ് വകുപ്പും സംയുക്തമായി പുറത്തിറക്കിയ അംഗീകൃത മതപ്രബോധകരുടെ പട്ടികയിലാണ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഇതിനു മുന്നോടിയായി നടന്ന ചില പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ശേഷമാണ് ഫഖ്‌റുദ്ധീന്‍ തങ്ങളെ ഈ അംഗീകാരത്തിനായി തിരഞ്ഞെടുത്തതെന്ന് അധികൃതരെ ഉദ്ധരിച്ച് സമസ്ത ബഹ്‌റൈന്‍ ഓഫിസില്‍ നിന്നറിയിച്ചു. തങ്ങളെ കൂടാതെ ഈ പട്ടികയിലുള്ളവരെല്ലാം ബഹ്‌റൈന്‍ സ്വദേശികളായ പണ്ഢിതര്‍ മാത്രമാണ്.
നേരത്തെ ബഹ്‌റൈനിലെ ഇസ്ലാമിക് മിനിസ്ട്രിയുടെ ഇസ്‌ലാമിക് ഇന്‍ഹറിറ്റന്‍സ് ലോ (ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങള്‍) എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ടെസ്റ്റ് പാസായ തങ്ങള്‍ക്ക് ബഹ്‌റൈനില്‍ വളരെ വിരളമായി മാത്രം ലഭിച്ചു വരുന്ന മറ്റു നിരവധി അംഗീകാരങ്ങളും മത കാര്യവിഭാഗത്തിന്റെ രാജ്യാന്തര പ്രധാന്യമുള്ള ചില സര്‍ട്ടിഫിക്കറ്റുകളും പ്രശംസാ പത്രങ്ങളും നേരത്തെ ലഭിച്ചിട്ടുണ്ട്.
കൂടാതെ കഴിഞ്ഞ മൂന്നര പതിറ്റാണ്ടു കാലമായി ബഹ്‌റൈനിലെ വിവിധ പ്രവാസി മലയാളി സംഘടനകള്‍ സംഘടിപ്പിക്കുന്ന പഠന സംഗമങ്ങളിലും പൊതുപരിപാടികളിലും സ്ഥിരം സാന്നിധ്യമായ തങ്ങളെ നിരവധി കൂട്ടായ്മകള്‍ ഇതിനകം ഉപഹാരങ്ങളും അവാര്‍ഡുകളും നല്‍കി ആദരിച്ചിട്ടുണ്ട്.
മതപ്രബോധന രംഗത്ത് മൂന്നു പതിറ്റാണ്ടു തികച്ച സന്ദര്‍ഭത്തില്‍ തങ്ങളെ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയും ആദരിച്ചിരുന്നു. സമസ്ത പ്രസിഡന്റ് ആയി ചുമതലയേറ്റെടുക്കുന്നതിന്റെ മുമ്പായിരുന്നു ഇത്. കൂടാതെ ബഹ്‌റൈനിലെ മത പ്രബോധന സേവനങ്ങള്‍ മുന്‍നിര്‍ത്തി ഡിസ്‌കവര്‍ ഇസ്‌ലാം അടക്കമുള്ള ചില സംഘടനകളും കൂട്ടായ്മകളും തങ്ങളെ ആദരിച്ചിരുന്നു.
കഴിഞ്ഞ 35 വര്‍ഷത്തോളമായി ബഹ്‌റൈനിലുള്ള തങ്ങള്‍ 2013 നവംബറിലാണ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
തമിഴ്‌നാട്ടിലെ തേങ്ങാപട്ടണം സ്വദേശിയായ തങ്ങള്‍ 1970 മുതല്‍ 1977 വരെ സ്വന്തം പിതാവായ തേങ്ങാപട്ടണം സയ്യിദ് പൂക്കോയ തങ്ങളില്‍ നിന്നാണ് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത്.
[caption id="attachment_485261" align="alignleft" width="466"] സമസ്ത കേന്ദ്ര പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളൊടൊപ്പം[/caption]1975 ല്‍ മധുര യൂണിവേഴ്‌സിറ്റിയില്‍നിന്നു ബി.എ (ലിറ്ററേച്ചര്‍) പൂര്‍ത്തിയാക്കി. കോളജില്‍ പഠിക്കുന്ന കാലത്ത് തന്നെ കളയാല്‍ മൂട് എന്ന സ്ഥലത്തുള്ള ജുമുഅത്ത് പള്ളിയില്‍ ഖുതുബ നിര്‍വ്വഹിക്കുകയും നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതോടൊപ്പം മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുകയും ചെയ്താണ് തങ്ങള്‍ അധ്യാപന രംഗത്തേക്ക് പ്രവേശിച്ചത്.
തുടര്‍ന്ന് ബഹ്‌റൈന്‍ പ്രവാസിയായ തങ്ങള്‍ ആദ്യകാലത്ത് മുഹറഖിലെ ഒരു കോള്‍ഡ ്‌സ്റ്റോറിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് മൂന്നു പതിറ്റാണ്ടു കാലം മനാമയിലെ കാനൂ ആസ്ഥാനത്ത് എച്ച്.ആര്‍ വിഭാഗത്തില്‍ ജോലി ചെയ്ത് കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്.
ബഹ്‌റൈനില്‍ പ്രവാസ ജീവിതം നയിക്കുമ്പോള്‍ തന്നെ മതവിദ്യാഭ്യാസജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പ്രബോധന പ്രവര്‍ത്തനങ്ങളിലും സജീവമായ തങ്ങള്‍ ബഹ്‌റൈനിലെ വിവിധ പണ്ഢിതരില്‍ നിന്നും കൂടുതല്‍ മതപഠനവും നേടിയിട്ടുണ്ട്.
1986 മുതല്‍ ബഹ്‌റൈനിലെ ശൈഖ് നിളാം യഅ്ഖൂബി, മസ്ജിദ് മനാറതൈനിലെ ആദില്‍ മുആവദ, മസ്ജിദ് രിള് വാനിലെ അഹ് മദ് സിസി, ശൈഖ് ഉസാം ഇസ്ഹാഖ് ഹസന്‍ അബ്ദുല്‍ റഹ് മാന്‍ റഹ് മാനി, ശൈഖ് അബ്ദുറശീദ് സൂഫി, സുഹുഫി സാംറാഇ, ശൈഖ് ഇസ്മാഈല്‍ അന്നദ് വി തുടങ്ങി പ്രമുഖ പണ്ഢിതരുടെ മജ്‌ലിസുകളിലും ക്ലാസ്സുകളിലും പങ്കെടുക്കുകയും ബുഖാരി, മുസ്‌ലിം, തുടങ്ങി പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ രിവായത്തെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇതോടൊപ്പം തന്നെ ബഹ്‌റൈന്‍ ഔഖാഫിന്റെയും സബീഖാ സെന്ററിന്റെയും വിവിധ കോഴ്‌സുകളില്‍ പങ്കെടുത്ത് രാജ്യാന്തര അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും തങ്ങള്‍ നേടിയിട്ടുണ്ട്.
ഇപ്പോള്‍ പൂര്‍ണമായും മനാമ ഗോള്‍ഡ്‌സിറ്റിയിലെ സമസ്ത ആസ്ഥാനം കേന്ദ്രീകരിച്ച് നൂതന വിദ്യാഭ്യാസ-മത പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്.
ബഹ്‌റൈനിലെ പ്രവാസികളായ കോളജ് വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക് മാത്രമായി ഗോള്‍ഡ്‌സിറ്റി കേന്ദ്രീകരിച്ച് ഒരു ത്രൈമാസ ബഹുഭാഷാ മതപഠന കോഴ്‌സും ഇപ്പോള്‍ തങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."