ചെമ്പരിക്ക ഖാസിയുടെ കൊലപാതകം: കേസ് ഇന്ന് പരിഗണിക്കും
കൊച്ചി: സമസ്ത സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കേസ് കോടതി ഇന്ന് പരിഗണിക്കും. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് സൂചന.
ഖാസിയുടെ മരണത്തിന് ഉത്തരവാദികളായവരെ തനിക്കറിയാമെന്ന് വെളിപ്പെടുത്തിയ കാസര്‍കോട് പരപ്പ സ്വദേശി പി.എ അഷ്റഫ്, ഹ്യൂമന്റൈറ്റ്സ് ഓര്ഗനൈസേഷന് ഓഫ് കേരള പ്രസിഡന്റ് ഉമര്‍ ഫാറൂഖ് തങ്ങള്‍ എന്നിവരെ സി.ബി.ഐ ചോദ്യംചെയ്ത് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 15നാണ് സി.ബി.ഐയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. എന്നാല്‍, രണ്ടുമാസം സമയം വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരി ആറുവരെ സമയം അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് കോടതി മാറ്റുകയായിരുന്നു. സി.ബി.ഐ കൊച്ചി ഓഫിസില്‍ വിളിച്ചുവരുത്തിയാണ് അഷ്റഫിന്റെ മൊഴി രേഖപ്പെടുത്തിയത്. രണ്ടു മണിക്കൂറോളമാണ് അഷ്റഫിനെ ചോദ്യംചെയ്തത്.
അതേസമയം, ഇനിയും രേഖകള്‍ ശേഖരിക്കേണ്ടതിനാല്‍ കേസ് ഇന്ന് പരിഗണിക്കുമ്പോള്‍ സി.ബി.ഐ കൂടുതല്‍ സമയം ചോദിച്ചേക്കുമെന്നും സൂചനയുണ്ട്. 2017 ജനുവരി 25നാണ് ഖാസിയുടെ കൊലപാതകം സംബന്ധിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍, പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്പ്പിച്ചതിനുശേഷമെ അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കൂവെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഖാസിയുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമസ്ത പി.ആര്.ഒ മുഹമ്മദ് ത്വയ്യിബ് ഹുദവി നല്കിയ നിവേദനം രണ്ടുമാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ഡിസംബര്‍ ആറിന് സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."