മൂലമ്പിള്ളി പാക്കേജ്: മുഖ്യമന്ത്രിയ്ക്കും റവന്യൂമന്ത്രിയ്ക്കും സുധീരന്റെ കത്ത്
തിരുവനന്തപുരം: വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയിറക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസത്തിനായി പ്രഖ്യാപിക്കപ്പെട്ട 'മൂലമ്പിള്ളി പാക്കേജ്' ഇതേവരെ ഫലപ്രദമായി നടപ്പാക്കാനായിട്ടില്ലെന്നും ഇക്കാര്യത്തിന് ഉന്നതതല യോഗം അടിയന്തരമായി വിളിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും കത്തയച്ചു.
2008 മാര്‍ച്ച് 19 ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനവും അതിനെ നവീകരിച്ചുകൊണ്ട് 662011 ല്‍ അന്നത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗ തീരുമാനവും അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോയിട്ടില്ല. കുടിയിറക്കപ്പെട്ടവരുടെ ജീവിതം ഇപ്പോഴും ദുരിതമയമാണെന്ന് സുധീരന്‍ കത്തില്‍ പറയുന്നു.
പ്രഖ്യാപിക്കപ്പെട്ട മറ്റ് പ്രധാന ആനുകൂല്യങ്ങളും നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ച വന്നിരിക്കുകയാണ്. ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടത് കൊണ്ട് നിലവിലെ പുനരധിവാസ പാക്കേജ് കാലോചിതമായി പരിഷ്‌ക്കരിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
അതുകൊണ്ട് മൂലമ്പിള്ളി സമരസമിതി പ്രതിനിധികളുടേയും എറണാകുളം ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, കൊച്ചി മേയര്‍, തൃക്കാക്കര, കളമശ്ശേരി നഗരസഭാ ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു ഉന്നതതല യോഗം വിളിക്കണമെന്നും എത്രയും പെട്ടെന്ന് തന്നെ കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് കഴിയുന്ന സാഹചര്യം ഒരുക്കുന്നതിന് വേണ്ടതെല്ലാം ചെയ്യണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."