അറബി അധ്യാപകരുടെ ഒഴിവുകള്‍ നികത്താന്‍ നടപടി വേണം: ചെന്നിത്തല
കൊച്ചി: അറബി അധ്യാപകരുടെ നൂറിലേറെ ഒഴിവുകള്‍ ഉണ്ടായിട്ടും പി.എസ്.സി റാങ്ക് ലിറ്റില്‍ നിന്ന് നിയമനം വൈകുന്നത് നീതികരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എറണാകുളം ടൗണ്‍ഹാളില്‍ നടന്ന കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘശക്തി, സുരക്ഷിത സേവനം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഴിവുകള്‍ നികത്താന്‍ ഉടന്‍ നടപടി ഉണ്ടാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഭാഷാ പുരോഗതിക്കായി ഉണ്ടാവാന്‍ അറബിസര്‍വകലാശാല വേണമെന്നും ചെന്നിത്തല പറഞ്ഞു. അറബി അധ്യാപകരെയും പ്രധാനാധ്യാപക നിയമനത്തിന് പരിഗണിക്കണം. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരും.
സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസമന്ത്രിയായ കാലത്താണ് അറബി ഭാഷയ്ക്കും അധ്യാപകര്‍ക്കും കൂടുതല്‍ സൗകര്യം ഒരുക്കിയത്. മറ്റു സര്‍ക്കാരുകളും ആ പാത പിന്തുടര്‍ന്നു. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതില്‍ അറബി അധ്യാപകരുടെ പങ്ക് വലുതാണ്. അറബി ഭാഷാധ്യാപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അറബി, ഉറുദു, സംസ്‌കൃതം എന്നിവ അമൂല്യമായ ഭാഷകളാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചടങ്ങില്‍ റിയാസ് അഹ്്മദ് സേഠ് അധ്യക്ഷനായി. സുവനീര്‍ പ്രകാശനം അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു. പി.എ അബ്ദുസലാം ഇസ്്‌ലാഹി, പി മൂസക്കുട്ടി, കെ.എം അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തലമുറ സംഗമവും എന്‍.കെ അനുസ്മരണവും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സമ്മേളനം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."