കരിപ്പൂരില്‍ ഹജ്ജ് സര്‍വിസ് പുനരാരംഭിക്കാന്‍ ശ്രമം നടത്തും: കണ്ണന്താനം
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വിസും വലിയ വിമാനങ്ങളും പുനരാരംഭിക്കുന്നതിന് കേന്ദ്രത്തില്‍ ശ്രമം നടത്തുമെന്ന് കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
എയര്‍പോര്‍ട്ട് അതോറിറ്റി കൊണ്ടോട്ടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നിര്‍മിച്ച അര്‍ബുദ നിര്‍ണയ - വയോജന പരിചരണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യോമയാന മന്ത്രിയുമായി ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ഥാടകരുള്ള മലബാര്‍ മേഖലയിലുള്ളവര്‍ വിദൂര സ്ഥലങ്ങളെ വിമാനയാത്രക്ക് ആശ്രയിക്കേണ്ടിവരുന്നത് ഏറെ പ്രയാസമാണ്.
കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ അനുമതിക്കായി രാഷ്ട്രീയ നിറം നോക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവര്‍ക്കുമൊപ്പം താനുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷനായി.
കെട്ടിടത്തിന്റെ താക്കോല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ദക്ഷിണമേഖലാ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ശ്രീകുമാര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീനക്ക് കൈമാറി.എം.എല്‍.എമാരായ ടി.വി.ഇബ്രാഹിം, പി. അബ്ദുല്‍ ഹമീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്, കൊണ്ടോട്ടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ. ആയിഷാബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ്മ മണ്ണറോട്ട്, എന്‍.എച്ച്.ആര്.എം ഡി.പി.എം ഡോ. ഷിബുലാല്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന്, ബാദുഷ തങ്ങള്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതി(സി.എസ്.ആര്) പ്രകാരം 65 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രം നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."