കൈയൊന്നിന് കല്ലുമായി വിഴിഞ്ഞത്തേക്ക് പദ്ധതി നിര്‍ത്തിവയ്ക്കുന്നതിനെതിരേ പ്രതിഷേധക്കൂട്ടായ്മ
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കാനൊരുങ്ങുന്നതിനെതിരേ സാമൂഹ മാധ്യമ കൂട്ടായ്മ. വിഴിഞ്ഞം തുറമുഖം നിര്‍മാണത്തിന് ആവശ്യമായ കല്ലുകള്‍ ലഭ്യമല്ലെന്ന കാരണം പറഞ്ഞാണ് പദ്ധതി ഏറ്റെടുത്ത കമ്പനി പണി നിര്‍ത്തി വച്ചിരിക്കുന്നത്.
പുറമേ നിന്ന് കല്ലുകള്‍ ലഭ്യമാക്കാം എന്നറിയിച്ച് പലരും രംഗത്തെത്തിയെങ്കിലും കമ്പനി ഇത് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്.
ഇതേത്തുടര്‍ന്നാണ് കൈയൊന്നിന് കല്ലുമായി വിഴിഞ്ഞത്തേക്ക് എന്ന സാമൂഹമാധ്യമ പ്രതിഷേധക്കൂട്ടായ്മ രംഗത്തെത്തിയിരിക്കുന്നത്. വിദേശലോബികളുടെ ഇടപെടലാണ് നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ കാരണമെന്ന് പ്രതിഷേധക്കൂട്ടായ്മ ആരോപിക്കുന്നു. പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കല്ലുശേഖരണ പരിപാടിയാണ് കൂട്ടായ്മ ആസൂത്രണം ചെയ്തിരിക്കുന്നത്.
ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും പരിപാടിയുടെ ഭാഗമായി കല്ല് സംഭാവന ചെയ്യാം. പ്രവാസികളാണ് പരിപാടിയില്‍ വലിയ തോതില്‍ ആവേശം കാണിക്കുന്നത്. ലോസ് ആഞ്ചല്‍സ്, ഇന്തോനേഷ്യ, മലേഷ്യ, കാമറൂണ്‍, സിംഗപ്പൂര്‍, ഷാര്‍ജ എന്നിവിടങ്ങളിലെ കല്ലുകള്‍ ഇതിനകം എത്തിക്കഴിഞ്ഞു. ടാന്‍സാനിയ, നൈജീരിയ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ കല്ലുകള്‍ ഇന്ന് എത്തുമെന്ന് സംഘാടകര്‍ പറഞ്ഞു. ഇന്ന് ഇവ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രദര്‍ശിപ്പിക്കും. രാജ്യത്തിനകത്തുള്ള കല്ലുകളും പ്രദര്‍ശനത്തിലുണ്ടാകും. അതിനായി ഹിമാലയം, ആഗ്ര, ന്യൂ ഡല്‍ഹി, ഹരിയാന, ഉത്തര്‍ പ്രദേശ്, ജയ്പൂര്‍, മുംബൈ, ഹൈദരാബാദ്, വിശാഖപട്ടണം, മംഗലാപുരം, മൈസൂര്‍, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്നും കൂടാതെ പയ്യോളി, വയനാട്, തിക്കോടി, പാലക്കാട്, ചാലക്കുടി, പെരിന്തല്‍മണ്ണ, പീരുമേട്, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ കല്ലുകളും എത്തിക്കഴിഞ്ഞു. നാളെ സെക്രട്ടറിയേറ്റിന് മുന്‍പില്‍ നിന്നാരംഭിക്കുന്ന വാഹനജാഥയില്‍ നിരവധിയാളുകള്‍ പങ്കെടുക്കും.
വൈകുന്നേരം 3 മണിയോടെ പദ്ധതി പ്രദേശത്തെ ബ്രേക്ക് വാട്ടറില്‍ കല്ലുകള്‍ നിക്ഷേപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."