ആളിയാര്‍ ജലപ്രശ്‌നം: പ്രതിനിധികളുടെ ഉപവാസം ഇന്ന്
ചിറ്റൂര്‍: തമിഴ്‌നാടിന്റെ ആളിയാര്‍ കരാര്‍ ലംഘനത്തില്‍ പ്രധിഷേധിച്ച് സ്ഥലം എം.പിയും നാല് എം.എല്‍.എമാരും 10ന് ഉപവാസം നടത്തും. കരാര്‍ പ്രകാരമുള്ള വെള്ളം നല്‍കാതെ നിരന്തര ലംഘനം നടത്തുന്ന തമിഴ് നാടിന്റെ നിലപാടില്‍ പ്രധിഷേധിച്ചാണ് പി.കെ ബിജു എം.പി, എം.എല്‍.എമാരായ കെ. കൃഷ്ണന്‍കുട്ടി, കെ. ബാബു, കെ.ഡി പ്രസേനന്‍, കെ.വി വിജയദാസ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, ചിറ്റൂര്‍ അണിക്കോട്ടില്‍ ഇന്ന് രാവിലെ ഒന്‍പതു മണി മുതല്‍ അഞ്ച് മണി വരെ ഉപവാസം നടത്തുന്നത് പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരമുള്ള ജലം വിട്ടു നല്‍കണമെന്നും, തമിഴ്‌നാടിന്റെ നിഷേധാത്മക നിലപാടിനെതിരേ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും, എല്‍.ഡി.എഫ് നേതാക്കള്‍അറിയിച്ചു. ജല പ്രശ്‌നവുമായി ബന്ധപ്പെട്ട് പതിമൂന്നിന് ചിറ്റൂരില്‍ നിന്നും സര്‍വ്വകക്ഷി ജനപ്രതിധികള്‍ മുഖ്യമന്ത്രിയെ നേരില്‍ കാണും .
ജനുവരി പത്തൊമ്പതിനു ചേര്‍ന്ന ഇരു സംസ്ഥാന സെക്രട്ടറിതല ചര്‍ച്ചയില്‍ ഫെബ്രുവരി 15 വരെ 400 ഘനയടി എന്ന തോതില്‍ വെള്ളം വിട്ടു നല്‍കാനും തുടര്‍ന്ന് വെള്ളം വിട്ടുനല്‍കുന്ന കാര്യത്തില്‍ ഫെബ്രുവരി 10ന് ചെന്നൈയില്‍ വച്ച് ചേരുന്ന ഇരു സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിതല ചര്‍ച്ചയില്‍ തീരുമാനിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ യാതൊരു മുന്നറിയിപ്പും കൂടാതെ ആളിയാറില്‍ നിന്ന് തമിഴ്‌നാട് വെള്ളം നിര്‍ത്തലാക്കി.
ഇന്നലെ മണക്കടവ് വിയറില്‍ ഒഴുകിയെത്തിയതാവട്ടെ 33 ഘനയടി വെള്ളം മാത്രവും പറമ്പിക്കുളത്ത് നിന്ന് തമിഴ്‌നാട്, കോണ്ടുര്‍ കനാല്‍ വഴി 400 ഘനയടി എന്ന തോതില്‍ തിരുമൂര്‍ത്തിയിലേക്ക് വെള്ളം കടത്തുന്നുമുണ്ട്.
തമിഴ്‌നാടിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് ഉപവാസം നടത്തുന്നത്. വൈകുന്നേരം നടക്കുന്ന സമാപന പൊതുയോഗത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍, ജനതാദള്‍- എസ് ജില്ലാ പ്രസിഡന്റ് കെ. ഗോപിനാഥ് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."