സ്വകാര്യബസുകള്‍ 16 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
കൊച്ചി: യാത്രാനിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ 16 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ബസുടമകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് അഞ്ചു രൂപയായി വര്‍ധിപ്പിക്കുക, മിനിമം ചാര്‍ജിനു ശേഷമുള്ള ദൂരം സഞ്ചരിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് യാത്രാ നിരക്കിന്റെ 50 ശതമാനം ഈടാക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ മുന്നോട്ടുവയ്ക്കുന്നത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിനുശേഷം ചേര്‍ന്ന രണ്ടു മന്ത്രിസഭാ യോഗത്തിലും വിഷയം ചര്‍ച്ച ചെയ്തില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അടുത്ത മന്ത്രിസഭയുടെ പരിഗണനയ്ക്കായി വിഷയം മാറ്റിവയ്ക്കുകയായിരുന്നു. നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ബസ് വ്യവസായത്തോടുള്ള കടുത്ത അവഗണനയാണിതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് സമരത്തിലേക്ക് നീങ്ങേണ്ടിവന്നതെന്നും പ്രസിഡന്റ് ലോറന്‍സ് ബാബു, സെക്രട്ടറി ടി. ഗോപിനാഥ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."