ഗൗരി നേഹയുടെ മരണം: പ്രിന്‍സിപ്പലിനെ പുറത്താക്കാന്‍ നിര്‍ദേശം
കൊല്ലം: ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ അധ്യാപികമാരെ ആഘോഷപൂര്‍വം തിരിച്ചെടുത്ത കൊല്ലം ട്രിനിറ്റി ലൈസിയം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകല മാനേജ്മെന്റിന് നിര്‍ദേശം നല്കി.
പ്രായപരിധി കഴിഞ്ഞ പ്രിന്‍സിപ്പല്‍ ജോണ്‍ തല്‍സ്ഥാനത്ത് തുടരുന്നത് ചട്ടവിരുദ്ധമാണെന്നും വിശദീകരണം തൃപ്തികരമല്ലെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി. അധ്യാപികമാരെ തിരികെയെടുത്ത നടപടി ന്യായീകരിക്കാനാകില്ല. ഐ.സി.എസ്.ഇ ചട്ടമനുസരിച്ച് പ്രിന്‍സിപ്പലിന്റെ പ്രായപരിധി 60 വയസാണെന്നും അക്കാരണത്താല്‍ പുറത്താക്കണമെന്നും വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടു.
അതിനിടെ, കേസില്‍ അടുത്തയാഴ്ചയോടെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ ഡോ. ശ്രീനിവാസ് അറിയിച്ചു. അധ്യാപികമാരായ സിന്ധു പോര്, ക്രസന്റ നെവിസ് എന്നിവര്‍ പ്രതികളായ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് പൊലിസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. കേസില്‍ നീതിതേടി പിതാവ് പ്രസന്നകുമാര്‍ മുഖ്യമന്ത്രിയെ വീണ്ടും കാണും.
കഴിഞ്ഞ ഒക്ടോബര്‍ ഇരുപതിനാണ് കേസിനാസ്പദമായ സംഭവം. ഇതേ സ്കൂളില്‍ പഠിക്കുന്ന ഗൗരിയുടെ സഹോദരി ക്ലാസില്‍ സംസാരിച്ചതിന് ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തി ശിക്ഷിച്ചത് ചോദ്യംചെയ്തതിന്റെ വിരോധംമൂലം അധ്യാപികമാര്‍ പീഡിപ്പിച്ചതിനാലാണ് ജീവനൊടുക്കിയതെന്നാണ് എഫ്.ഐ.ആറിലുള്ളത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസും എ.ബി.വി.പിയും സമരരംഗത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."