കെ.എസ്.ഇ.ബിയും പെന്‍ഷന്‍ പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ കെ.എസ്.ഇ.ബിയും പെന്‍ഷന്‍ പ്രതിസന്ധിയിലേക്ക്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എന്‍.എസ് പിള്ള ജീവനക്കാരുടെ സംഘടനകള്‍ക്ക് കത്തുനല്‍കി. ബോര്‍ഡ് സാങ്കേതിക, സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാരംഭിക്കുന്ന കത്തില്‍ വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി രൂപീകരിച്ച മാസ്റ്റര്‍ പെന്‍ഷന്‍ ആന്‍ഡ് ഗ്രാറ്റ്വിവിറ്റി ട്രസ്റ്റിലേക്കുള്ള വിഹിതംപോലും അടക്കാനാകാത്തവിധം പ്രതിസന്ധി കനത്തുവെന്നും സൂചിപ്പിച്ചിട്ടുണ്ട്.
നിലവിലെ നഷ്ടം 1,500 കോടി രൂപയാണെന്നും അതിനാല്‍ സര്‍വിസ് സംഘടനകള്‍ സഹകരിക്കണമെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ മാസം 30നാണ് സംഘടനകള്‍ക്ക് കത്തുനല്‍കിയത്. 2016-17 വര്‍ഷത്തെ ഓഡിറ്റ് പ്രകാരം വൈദ്യുതി ബോര്‍ഡിന്റെ സഞ്ചിത നഷ്ടം 1,877 കോടി രൂപയാണ്.
വൈദ്യുതി ബോര്‍ഡില്‍ ദീര്‍ഘകാലമായി ദൈനംദിന വരുമാനത്തില്‍ നിന്നാണ് പെന്‍ഷന്‍ നല്‍കുന്നത്. ഇതു സാധ്യമല്ലെന്നു വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടിരുന്നു.
ഇതനുസരിച്ചാണ് 2013 ഒക്‌ടോബറില്‍ ബോര്‍ഡ് കമ്പനിയാക്കിയപ്പോള്‍ പെന്‍ഷനും ഗ്രാറ്റ്വിവിറ്റിയും നല്‍കാന്‍ മാസ്റ്റര്‍ ട്രസ്റ്റ് രൂപീകരിച്ചത്. അന്നത്തെ കണക്കനുസരിച്ച് പെന്‍ഷനുവേണ്ടത് 12,418 കോടിയാണ്. ഇതില്‍ 8,000 കോടി കെ.എസ്.ഇ.ബിയും 4,500 കോടി സര്‍ക്കാരും നല്‍കണമെന്നായിരുന്നു കരാര്‍. ബോണ്ടിറക്കി പലിശ പെന്‍ഷന്‍ ഫണ്ടിലേക്ക് വകമാറ്റുമെന്നായിരുന്നു കെ.എസ്.ഇ.ബി കമ്പനിയാക്കിയപ്പോള്‍ അന്നത്തെ സര്‍ക്കാരിന്റെ മറ്റൊരു പ്രഖ്യാപനം.
എന്നാല്‍, അതും പാലിക്കപ്പെട്ടില്ല. 3,300 പേര്‍ക്കാണ് ഇപ്പോള്‍ പെന്‍ഷന്‍ നല്‍കുന്നത്. പെന്‍ഷന്‍ ബാധ്യത വര്‍ധിച്ചുവെങ്കിലും സര്‍ക്കാര്‍ വിഹിതം ബോര്‍ഡിന് നല്‍കിയില്ല. ബോര്‍ഡാകട്ടെ തങ്ങളുടെ വിഹിതവും പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ചില്ല.
ഇതുവരെ നീക്കിയിരിപ്പില്‍ നിന്നാണ് പെന്‍ഷന്‍ നല്‍കിയിരുന്നത്. 12,007 കോടിയാണ് 2016-17 സാമ്പത്തിക വര്‍ഷം പെന്‍ഷന്‍ ഇനത്തില്‍ കൊടുത്തുതീര്‍ത്തത്. ഇതിലും അധികബാധ്യത ബോര്‍ഡ് ഏറ്റെടുക്കേണ്ടിവന്നു. കേന്ദ്രനിയമത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ബോര്‍ഡ് സ്വയം പര്യാപ്തതയില്‍ എത്തുന്നതിന് എല്ലാവിഭാഗം ജീവനക്കാരുടെയും സഹകരണവും കൂട്ടായ പ്രവര്‍ത്തനവും ആവശ്യമാണെന്നും കത്തില്‍ പറയുന്നു. മാനവശേഷി ആവശ്യമുള്ള സ്ഥലത്തും സന്ദര്‍ഭങ്ങളിലും അത് ഉപയോഗപ്പെടുത്തുന്നില്ലെന്നും ചെയര്‍മാന്‍ കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
മുടങ്ങിക്കിടക്കുന്ന ചെറുകിട പദ്ധതികള്‍ പൂര്‍ത്തിയാക്കുക, പാരമ്പര്യേതര ഊര്‍ജസ്രോതസുകളില്‍നിന്ന് പരമാവധി വൈദ്യുതി ഉല്‍പാദിപ്പിക്കുക, കിട്ടാക്കടങ്ങള്‍ പിരിച്ചെടുക്കുക എന്നിവയാണ് നിലവിലെ പ്രതിസന്ധികള്‍ മറികടക്കാനുള്ള മാര്‍ഗങ്ങളെന്നും നിര്‍ദേശിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."