ബഹളത്തോടെ ബജറ്റിന്റെ ആദ്യ ഘട്ടം അവസാനിച്ചു
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം സമാപിച്ചു. ബജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ചും ആന്ധ്രയ്ക്ക് പ്രത്യേക്ക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടും തെലുഗുദേശം (ടി.ഡി.പി), വൈ.എസ്.ആര് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളംവച്ചതോടെ ലോക്സഭ പലതവണ തടസപ്പെട്ടു.
ബഹളം രൂക്ഷമായതോടെ ഉച്ചയ്ക്ക് മുന്‍പ് സ്പീക്കര്‍ സുമിത്ര മഹാജന് ലോക്സഭ പിരിച്ചുവിടുകയായിരുന്നു. ഇനി അടുത്തമാസം അഞ്ചിനാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടങ്ങുക. അപ്പോഴേക്കും മേഘാലയ, ത്രിപുര, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും പൂര്‍ത്തിയാകും.
ടി.ഡി.പി അംഗങ്ങളുടെ ബഹളം മൂലം രാജ്യസഭയും പലതവണയാണ് ഇന്നലെ തടസപ്പെട്ടത്. ആന്ധ്രാവിഷയത്തില് കോണ്‍ഗ്രസ് അംഗങ്ങളും ടി.ഡി.പിക്കു പിന്തുണയുമായി എത്തി. സാമൂഹിക മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് എം.പി രേണുകാചൗധരിയെ അപമാനിച്ച കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെതിരേ നടപടി വേണമെന്ന് പ്രതിപക്ഷം രാജ്യസഭയില്‍ ആവശ്യപ്പെട്ടു. തൃണമൂല്‍ അംഗം ഡെറിക് ഒബ്രെയിന്‍ ആണ് ഈ വിഷയം ഇന്നലെ രാജ്യസഭയില്‍ ഉന്നയിച്ചത്.
റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങളും ബഹളംവച്ചു. രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍, ബജറ്റ് ദരിദ്രജനതയ്ക്ക് എതിരായതാണെന്ന് സി.പി.ഐയുടെ ഡി. രാജ പറഞ്ഞു.
ഇത്തവണത്തെ ബജറ്റില്‍ കാര്‍ഷികമേഖലയ്ക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നീക്കിവച്ച തുക അപര്യാപ്തമാണെന്ന് സി.പി.എം അംഗം സി.പി നാരായണന് ആരോപിച്ചു.
അതിനിടെ, ഒഡീഷയില്‍ നിന്നുള്ള സ്വതന്ത്ര എം.പി എ.വി സ്വാമി രാജ്യസഭയില്‍ കുഴഞ്ഞുവീണത് അല്‍പ്പ നേരം സഭനിര്ത്തിവക്കാനിടയാക്കി. എം.പിയെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."